സ്കൂട്ടർ ലിഫ്റ്റിൽ കയറ്റി 5–ാം നിലയിലെ ഫ്ലാറ്റിലെ അടുക്കളയിൽ എത്തിച്ചു; കാരണം ?

ഇന്ധനവിലയിൽ അടിക്കടിയുണ്ടാകുന്ന വർധന പലരുടേയും കണ്ണ് ഇലക്ട്രിക് വാഹനങ്ങളിലേക്ക് തിരിക്കുന്നു. ഇലക്ട്രിക് വാഹനങ്ങളാണു ഭാവി എന്നു മനസ്സിലാക്കി കൂടുതൽ സൗകര്യങ്ങളോടു കൂടി പുതിയ മോഡലുകൾ ഇറക്കാൻ കമ്പനികളും മത്സരിക്കുന്നു. ഓരോ ദിനവും നിരത്തിലിറങ്ങുന്ന ഇലക്ട്രിക് വാഹനങ്ങളുടെ എണ്ണം പെരുകുന്നു. കാര്യമൊക്കെ ശരി. ഇലക്ട്രിക് വാഹനങ്ങൾ വർധിക്കുമ്പോൾ അടിസ്ഥാന സൗകര്യങ്ങൾ വികസിക്കേണ്ടതുണ്ട് എന്ന വസ്തുത മറക്കരുത്. ഇക്കാര്യം ഓർമിപ്പിക്കുന്നതാണ് ബെംഗളുരുവിലെ വിഷ് ഗണ്ടി എന്ന യുവാവിനുണ്ടായ അനുഭവം. 

കഴിഞ്ഞ നാലുമാസമായി ഫ്ലാറ്റിന്റെ പാർക്കിങ് സ്പെയ്സിൽ ഒരു ചാർജിങ് പോയിന്റ് സ്ഥാപിക്കാൻ ശ്രമിച്ചുകൊണ്ടിരിക്കുകയായിരുന്നു. എന്നാൽ റസിഡൻസ് അസോസിയേഷനുമായി ഏറെ സംസാരിച്ചെങ്കിലും ചാർജിങ് പോയിന്റ്  ലഭ്യമാക്കാൻ അവർ ഒരുക്കമല്ലായിരുന്നു. തുടർന്നാണ് സ്കൂട്ടർ ലിഫ്റ്റിൽ കയറ്റി 5–ാം നിലയിലെ ഫ്ലാറ്റിലെ അടുക്കളയിൽ എത്തിച്ച് ചാർജ് ചെയ്തത്. ‍‍ഇന്ത്യയുടെ ഇലക്ട്രിക് വാഹന കാപ്പിറ്റലായ ബെംഗളൂരുവിൽ ഫ്ലാറ്റ് സമുച്ചയത്തിലാണ് തനിക്ക് ഈ ദുരവസ്ഥ നേരിട്ടതെന്ന് വിഷ് പറയുന്നു.

സ്വന്തമായി പാർക്കിങ് സ്ഥലം ഇല്ലായിരുന്നതുകൊണ്ടാണ് യുവാവിന് ചാർജിങ് പോയിന്റ് സ്ഥാപിക്കാൻ അനുവാദം നൽകാതിരുന്നതെന്ന് റസിഡൻസ് അസോസിയേഷൻ പ്രതിനിധികൾ പറഞ്ഞു. ഉടൻ തന്നെ ചാർജിങ് പോയിന്റ് വയ്ക്കുന്നത് പരിഗണിക്കുമെന്നും അവർ അറിയിച്ചു.