ഒറ്റയടിക്ക് കുറഞ്ഞത് പവന് 600 രൂപ; ഒരുവര്‍ഷം കൊണ്ട് 6,920 രൂപയുടെ ഇടിവ്; സ്വര്‍ണവിലയില്‍ സംഭവിക്കുന്നത്

കഴിഞ്ഞ വര്‍ഷം ഓഗസ്റ്റ് 7 ന് സ്വർണ വില എക്കാലത്തെയും ഉയർന്ന വിലയിലായിരുന്നു. ഗ്രാമിന് 5250 രൂപയും പവൻ വില 42,000 രൂപയുമായിരുന്നു അന്നത്തെ വില. രാജ്യാന്തര വിപണിയില്‍ സ്വർണ വില ട്രോയ് ഔണ്‍സിന് 2,080 ഡോളറായി വര്‍ധിച്ചതാണ് അന്ന് വില കുത്തനെ ഉയരാനിടയാക്കിയത്. എന്നാല്‍ ഇന്ന് സ്വർണ വില ഗ്രാമിന് 75 രൂപ കുറഞ്ഞ് 4,385 രൂപയും പവൻ വില 600 കുറഞ്ഞ് 35,080 രൂപയുമായി.അതായത് ഒരു വര്‍ഷം കൊണ്ട് പവന് കുറഞ്ഞത് 6,920 രൂപ. രാജ്യാന്തരവിപണിയില്‍ സ്വർണ വില ട്രോയ് ഔൺസിന് 1763 ഡോളറായി കുറഞ്ഞതാണ് ആഭ്യന്തരവിപണിയിലും പ്രതിഫലിച്ചത് .

അമേരിക്കയില്‍ സാമ്പത്തികനില മെച്ചപ്പെടുന്നതാണ് രാജ്യാന്തരവിപണിയില്‍ സ്വര്‍ണവില കുറയാനുള്ള കാരണം. അവിടെ തൊഴില്‍ലഭ്യത വര്‍ധിച്ചു എന്നുള്ള റിപ്പോര്‍ട്ടുകള്‍ വന്നതോടെ നിക്ഷേപകര്‍ വ്യാപകമായി സ്വര്‍ണം വിറ്റഴിച്ചു. ബോണ്ടില്‍ നിന്നുള്ള വരുമാനം കൂടിയതും സ്വര്‍ണത്തിന് തിരിച്ചടിയായി. രാജ്യാന്തര വിപണിയിലെ വിലയിടിവ് രണ്ട് ദിവസം കൂടി തുടരാനാണ് സാധ്യത.

വില കുറഞ്ഞിട്ടും കേരളത്തില്‍ വില്‍പന കാര്യമായി വര്‍ധിച്ചിട്ടില്ല.കോവിഡ് മൂലമുള്ള അടച്ചിടൽ കാരണം വളരെക്കുറച്ച് ദിവസങ്ങളിൽ മാത്രമായിരുന്നു കച്ചവടമുണ്ടായിരുന്നത്. വിവാഹ ആഘോഷങ്ങൾക്കും മറ്റും പങ്കെടുക്കുന്നവരുടെ എണ്ണം പരിമിതപ്പെടുത്തിയത്  വില്‍പനയെ ബാധിച്ചു. സാമ്പത്തിക പ്രതിസന്ധിയെ തുടര്‍ന്ന് സ്വർണം വിറ്റഴിക്കുന്ന പ്രവണത കൂടുതലാണ്. ഓണം, വിവാഹ സീസൺ എന്നിവ അനുകൂലമാകുമെന്ന പ്രതീക്ഷയിലാണ് സ്വർണ വിപണി.