60 കഴിഞ്ഞവര്‍ക്ക് സ്ഥിര വരുമാനം; മാര്‍ച്ച് 31ന് മുൻപ് ചേരാം

അറുപത് വയസ് കഴിഞ്ഞവര്‍ക്ക് സ്ഥിര വരുമാനം ഉറപ്പാക്കുന്ന എല്‍ഐസിയുടെ ഇന്‍ഷൂറന്‍സ് പദ്ധതിയാണ് പ്രധാൻ മന്ത്രി വയ വന്ദന യോജന. മാര്‍ച്ച് 31 ആണ് പദ്ധതിയില്‍ ചേരാനുളള അവസാന തീയതി.

ഒരു നിശ്ചിത തുക അടച്ചാല്‍ പെന്‍ഷന്‍ ലഭിക്കുന്ന പദ്ധതിയാണ് വയ വന്ദന യോജന. കുറഞ്ഞത് ഒന്നര ലക്ഷം രൂപ മുതല്‍ പരമാവധി 15 ലക്ഷം വരെ അടച്ച് പദ്ധതിയില്‍ ചേരാം.ഏറ്റവും കുറഞ്ഞത് പ്രതിമാസം 1,000 രൂപയും മൂന്ന് മാസം കൂടുമ്പോള്‍ 3,000 രൂപയും അർദ്ധവാർഷികത്തിൽ 6,000 രൂപയും പ്രതിവർഷം 12,000 രൂപയുമാണ് പെന്‍ഷനായി ലഭിക്കുക. 

പരമാവധി പെന്‍ഷന്‍ തുക പ്രതിമാസം 10,000 രൂപയും, മൂന്ന് മാസം കൂടുമ്പോള്‍ 30,000 രൂപയും, അർദ്ധവാർഷികത്തിൽ 60,000 രൂപയും, പ്രതിവർഷം 1,20,000 രൂപയുമാണ് ലഭിക്കുക.പദ്ധതിയിൽ 15 ലക്ഷം രൂപ വരെ നിക്ഷേപിച്ച് പ്രതിമാസം 10,000 രൂപ പെൻഷൻ നേടാം. 

പ്രീമിയം അടച്ച് മൂന്ന് വർഷങ്ങൾ പൂർത്തിയാക്കിയ ശേഷം പോളിസി ഉടമയ്ക്ക് വായ്പാ സൗകര്യം ലഭ്യമാണ്. അനുവദനീയമായ പരമാവധി വായ്പ നിക്ഷേപ തുകയുടെ 75 ശതമാനമായിരിക്കും.കാലാവധിക്കു മുമ്പു നിക്ഷേപം പിൻവലിക്കാൻ അവസരമുണ്ട്. എന്നാൽ അതു ഗുരുതര രോഗത്തെ തുടര്‍ന്ന് ഭാര്യക്കോ, ഭര്‍ത്താവിനോ ഉളള ചികിത്സയ്‌ക്കു മാത്രമായിരിക്കും.നിക്ഷേപകനു മരണം സംഭവിച്ചാൽ ആനുകൂല്യങ്ങൾക്കുള്ള അവകാശം നാമനിർദേശം ചെയ്യപ്പെടുന്നയാൾക്കായിരിക്കും.

പദ്ധതിയിൽനിന്നുള്ള വരുമാനം ആദായ നികുതി നിയമത്തിനു വിധേയമാണ്. എന്നാൽ പദ്ധതിയെ ജിഎസ്‌ടിയിൽനിന്ന് ഒഴിവാക്കിയിട്ടുണ്ട്.ഓൺലൈനായോ ഓഫ്‌ലൈനായോ ലൈഫ് ഇൻഷുറൻസ് കോർപറേഷനിലൂടെയാണ് അപേക്ഷിക്കേണ്ടത്.പത്ത് വര്‍ഷമാണ് പ്രധാൻ മന്ത്രി വയാ വന്ദന യോജനയുടെ പോളിസി കാലാവധി.