ഈ എടിഎം കാർഡുകൾ ജനുവരി 1 മുതൽ പ്രവർത്തിക്കില്ല

സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ 2019 ഡിസംബർ 31 നകം മാഗ്സ്ട്രൈപ്പ് ഡെബിറ്റ് കാർഡ് പ്രവര്‍ത്തനരഹിതമാക്കും.  പഴയ മാഗ്നറ്റിക് സ്ട്രൈപ്പ് ഡെബിറ്റ് കാർഡുകൾ ഒന്നു മുതല്‍ ഉപയോഗിക്കാനാകില്ല. പഴയ കാർഡുകൾ ഇഎംവി ചിപ്പ്, പിൻ അടിസ്ഥാനമാക്കിയുള്ള ഡെബിറ്റ് കാർഡുകളിലേക്ക് അപ്ഗ്രേഡ് ചെയ്യണം. 

ഇതിനായി ഹോം ബ്രാഞ്ചിലാണ് അപേക്ഷ നല്‍കേണ്ടത്. നെറ്റ് ബാങ്കിങ് ഉള്ളവര്‍ അതു വഴിയും പുതിയ കാര്‍ഡിന് അപേക്ഷിക്കാം. സൗജന്യ സേവനമാണ്. എസ്ബിഐ വെബ്സൈറ്റില്‍ ലോഗിന്‍ ചെയ്ത ശേഷം റിക്വസ്റ്റ് എടിഎം/ ഡെബിറ്റ് കാര്‍ഡ് എന്ന ലിങ്ക് വഴി പുതിയ കാര്‍ഡിന് അപേക്ഷിക്കാം. രജിസ്റ്റര്‍ ചെയ്ത വിലാസത്തില്‍ ഒരാഴ്ചക്കുളളില്‍ കാര്‍ഡ് ലഭിക്കും.

പ്ലാസ്‌റ്റിക് കാർഡിനു പിറകിൽ കാണുന്ന കറുത്ത നാട പോലത്തെ വരയ്‌ക്കു പകരം മൈക്രോ പ്രോസസർ അടങ്ങിയ ചെറിയ ചിപ്പ് ഘടിപ്പിച്ച കാർഡുകളാകും ഇനി ഉപയോഗത്തിലുണ്ടാവുക. മാഗ്നറ്റിക് കാർഡിനെ അപേക്ഷിച്ച് ഇഎംവി കാർഡുകൾ അധിക സുരക്ഷ നൽകുന്നു. മാഗ്നറ്റിക് സ്‌ട്രിപ്പിലെ വിവരങ്ങൾ പകർത്തിയെടുക്കാൻ എളുപ്പമാണ്. സ്കിമ്മിങ് വിദ്യയിലൂടെ കൃത്രിമ കാർഡ് ഉണ്ടാക്കിയ സംഭവങ്ങൾ ഒട്ടേറെയാണ്. ഇഎംവി കാർഡിൽ ഇത്തരം തട്ടിപ്പുകൾ സാധ്യമല്ല.