ഡെബിറ്റ് കാർഡ് വേണ്ട; എടിഎം വഴിയുള്ള പണമിടപാടുകള്‍ നിർത്താൻ എസ്ബിഐ

ഡിജി‌റ്റൽ വിപ്ലവത്തിന് എസ്ബിഐ. ഡെബിറ്റ് കാര്‍ഡുകൾ വഴിയുള്ള പണമിടപാടുകൾ‌ നിർത്താൻ നീക്കം. ഘട്ടം ഘട്ടമായായിരിക്കും തീരുമാനം നടപ്പിലാക്കുക. പ്ലാസ്റ്റിക് കാര്‍ഡ്, ബാങ്ക്കാര്‍ഡ്, ചെക്ക് കാര്‍ഡ് എന്നെല്ലാം അറിയപ്പെടുന്ന കാർഡുകൾ ഉപയോഗിച്ച്  കാര്‍ഡുകള്‍ ഉപയോഗിച്ച് എടിഎം വഴിയുള്ള പണം പിന്‍വലിക്കല്‍ ഇല്ലാതാക്കാനാണ് തീരുമാനം. ഏകദേശം അഞ്ചു വര്‍ഷമെടുത്തായിരിക്കും പുതിയ തീരുമാനം നടപ്പിലാക്കുക. മറ്റു ബാങ്കുകളും എസ്ബിഐയെ പിന്തുടരുമെന്നാണ് സൂചന. 

എടിഎമ്മുകൾ ഒഴിവാക്കി ഡിജിറ്റൽ പേമെന്റുകള്‍ കൂടുതല്‍ പ്രോ‍ൽസാഹിപ്പിക്കാനാണ് നീക്കം. എസ്ബിഐ ഉപയോക്താക്കള്‍ ബാങ്കിന്റെ യോനോ (YONO) ആപ് ഉപയോഗിച്ചായിരിക്കും പണമിടപാടുകള്‍ നടത്തുക.  യോനോ ആപ് വഴി, കാര്‍ഡ് ഉപയോഗിക്കാതെ ഇപ്പോള്‍ തന്നെ എസ്ബിഐ ഉപയോക്താക്കള്‍ക്ക് എടിമ്മുകളില്‍ നിന്ന് പണം പിന്‍വലിക്കാം. ഈ രീതി കൂടുതല്‍ കസ്റ്റമര്‍മാര്‍ പിന്തുടരണമെന്നാണ് എസ്ബിഐ ആഗ്രഹിക്കുന്നത്. ഈ സാങ്കേതികവിദ്യ നിലവിലുണ്ടെങ്കിലും അത് കുറച്ച് ആളുകളാണ് ഉപയോഗിക്കുന്നത് എന്നതിനാലാണ് ബാങ്ക് കാര്‍ഡുകള്‍ ഇല്ലാതാക്കാന്‍ ശ്രമിക്കുന്നതതെന്നാണ് റിപ്പോര്‍ട്ട്. 'You-Only-Need-One' എന്നാണ് യോനോയുടെ പൂർണരൂപം.