തിരുവനന്തപുരത്ത് 4 പുതിയ ഐ.ടി. പദ്ധതികൾ; സാങ്കേതികവിദ്യയിൽ കുതിപ്പ്

സംസ്ഥാനത്തിന്റ വിവര സാങ്കേതിക വളർച്ചയിൽ നിര്‍ണായകമായ നാല് ഐ.ടി. പദ്ധതികൾക്ക് തിരുവനന്തപുരത്ത് തുടക്കമായി. തിരുവനന്തപുരം ടെക്‌നോസിറ്റിയിൽ നിർമിക്കുന്ന വേൾഡ് ട്രേഡ് സെന്ററിന് മുഖ്യമന്ത്രി പിണറായി വിജയന്റെ സാന്നിധ്യത്തിൽ ധാരണാപത്രം ഒപ്പുവച്ചു.

ബംഗളൂരു ആസ്ഥാനമായ ബ്രിഗേഡ് ഗ്രൂപ്പാണ്  ട്രേഡ് സെന്റർ നിർമിക്കുന്നത്. ടെക്‌നോസിറ്റിയിലെ 13 ഏക്കറിലാണ് പദ്ധതി വരുന്നത്. 2.5 മില്യൺ ചതുരശ്ര അടിയിൽ നിർമിക്കുന്ന പദ്ധതിയില്‍15,000 പേർക്ക് തൊഴിൽ ലഭിക്കുമെന്നാണ് പ്രതീക്ഷ. ലോകത്തെ ഏറ്റവും വലിയ ഇന്റഗ്രേറ്റഡ് ഫ്രീ ആൻഡ് ഓപ്പൺ സോഴ്‌സ് സംവിധാനമായ സ്വതന്ത്രയുടേയും സ്‌കിൽ ഡെലിവറി പ്ലാറ്റ്‌ഫോം ഓഫ് കേരള യുടേയും ഉദ്ഘാടനവും മുഖ്യമന്ത്രി നിർവഹിച്ചു. സ്‌പേസ് രംഗത്തെ സ്റ്റാർട്ട്അപ്പുകളെ ഉൾപ്പെടുത്തി ആരംഭിക്കുന്ന സ്‌പേസ് ടെക് ആപ്ലിക്കേഷൻ ഡെവപല്‌മെന്റ് ഇക്കോസിസ്റ്റത്തിന്റെ ഭാഗമായി രണ്ടു പ്രമുഖ സ്റ്റാർട്ട്അപ്പുകൾക്കും പ്രവർത്തനാനുമതി നൽകി.സാറ്റ്ഷുവർ, അഗ്നികുൽ എന്നിവയാണ് തിരുവനന്തപുരത്തേക്ക് എത്തുന്നത്. ഡിസൈനിങ് രംഗത്തെ പ്രമുഖരായ ലൂമിയം കമ്പനിക്ക്  പ്രവർത്തിക്കുന്നതിനുള്ള ലെറ്റർ ഓഫ് അലൊക്കേഷനും ചടങ്ങിൽ കൈമാറി. കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ നടന്ന ചടങ്ങിൽ മന്ത്രി കടകംപള്ളി സുരേന്ദ്രൻ അധ്യക്ഷത വഹിച്ചു.