റിസര്‍വ് ബാങ്കിന് പ്രവര്‍ത്തന സ്വാതന്ത്ര്യം അത്യാവശ്യമാണന്ന് ഐഎംഎഫ്

റിസര്‍വ് ബാങ്കുപോലുള്ള സെന്‍ട്രല്‍ ബാങ്കുകള്‍ക്ക് പ്രവര്‍ത്തനത്തിലെ സ്വാതന്ത്ര്യം അത്യന്താപേക്ഷിതമാണെന്ന് രാജ്യാന്തര നാണയനിധി. ഉത്തരവാദിത്തങ്ങള്‍ നിറവേറ്റാന്‍ ഇത് അത്യന്താപേക്ഷിതമാണെന്ന് ഐഎംഎഫ് ഡയറക്ടര്‍ ജെറി റൈസ് അഭിപ്രായപ്പെട്ടു. 

ആര്‍ബിഐയിലെ പുതിയ സംഭവ വികാസങ്ങള്‍ ചൂണ്ടിക്കാട്ടിയപ്പോഴായിരുന്നു റൈസിന്റെ മറുപടി. തന്റെ രാജ്യാന്തര അനുഭവങ്ങള്‍ വച്ചാണ് ഇങ്ങനെ അഭിപ്രായപ്പെടുന്നതെന്നും റൈസ് കൂട്ടിച്ചേര്‍ത്തു. സാമ്പത്തിക ഉന്നമനത്തിനും, സ്ഥിരതയ്ക്കും റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ ഗണ്യമായ സംഭാവനകളാണ് ചെയ്തിട്ടുള്ളത്. ഐഎംഎഫിന്റെ മികച്ച പങ്കാളികളില്‍ ഒന്നാണ് ആര്‍ബിഐ എന്നും അദ്ദേഹം പറഞ്ഞു. 

ഉര്‍ജിത് പട്ടേലിന്റെ രാജിയും ശക്തികാന്ത ദാസിന്റെ നിയമനവും ഐഎംഎഫ് ശ്രദ്ധിക്കുന്നുണ്ട്. ഡെപ്യൂട്ടി ഗവര്‍ണര്‍ എന്ന നിലയില്‍ നാണ്യപ്പെരുപ്പത്തെ മുന്‍നിര്‍ത്തിയുള്ള പട്ടേലിന്റെ നയരൂപീകരണങ്ങള്‍ ശ്രദ്ധേയമായിരുന്നു. ഗവര്‍ണറായ ശേഷം അദ്ദേഹത്തിന്റെ തുടര്‍ നടപടികളും മികച്ചതായിരുന്നെന്ന് റൈസ് അഭിപ്രായപ്പെട്ടു. പുതിയ ഗവര്‍ണര്‍ ശക്തികാന്ത ദാസിന് മികച്ച പ്രവര്‍ത്തനം കാഴ്ചവയ്ക്കാന‍് സാധിക്കട്ടേയെന്നും അദ്ദേഹം ആശംസിച്ചു.