ടെലികോം മേഖലയില്‍ 60000 പേര്‍ക്ക് തൊഴില്‍ നഷ്ടപ്പെടുമെന്ന് റിപ്പോര്‍ട്ട്; ആശങ്ക

ടെലികോം മേഖലയില്‍ അടുത്തകൊല്ലം അറുപതിനായിരത്തോളം പേര്‍ക്ക് തൊഴില്‍ നഷ്ടപ്പെടുമെന്ന് റിപ്പോര്‍ട്ട്. നഷ്ടം പരമാവധി കുറയ്ക്കുന്നതിനായാണ് ടെലികോം കമ്പനികള്‍ ജീവനക്കാരെ ഒഴിവാക്കുന്നത്. ഉപഭോക്തൃ സേവനം, ധനകാര്യം എന്നീ വിഭാഗങ്ങളിലെ ജീവനക്കാര്‍ക്കായിരിക്കും പ്രധാനമായും തൊഴില്‍ നഷ്ടമാകുന്നത്. അടുത്ത മാര്‍ച്ചോടുകൂടിത്തന്നെ ടെലികോം കമ്പനികള്‍ ജീവനക്കാരെ ഗണ്യമായി കുറയ്ക്കുന്ന നടപടി ആരംഭിക്കുമെന്നാണ് സ്റ്റാഫിങ് മേഖലയിലുള്ള ടീം ലീസ് സര്‍വീസസ് പറയുന്നത്. ഉപഭോക്തൃ സേവന വിഭാഗത്തില്‍ എണ്ണായിരത്തോളവും ധനകാര്യ വിഭാഗത്തില്‍ ഏഴായിരത്തോളം പേര്‍ക്കും തൊഴിലില്ലാതാകും. ചെലവ് ചുരുക്കലിന്റെ ഭാഗമായി ആണ് നടപടികള്‍. 

പ്രവര്‍ത്തന സാഹചര്യങ്ങളും പ്രതികൂലമായപ്പോള്‍ കഴിഞ്ഞ ഒരു കൊല്ലത്തോളമായി കമ്പനികള്‍ ജീവക്കാരെ കുറച്ചുതുടങ്ങിയിട്ടുണ്ടെന്ന് സ്റ്റാഫിങ് മേഖലയിലെ മറ്റൊരു കമ്പനിയായ റാന്‍ഡ്സ്റ്റാഡ് ഇന്ത്യ പറയുന്നു. കുറഞ്ഞ ടെലികോം നിരക്കുകളുമായി റിലയന്‍സ് ജിയോ രംഗപ്രവേശം ചെയ്തതാണ്  മറ്റുകമ്പനികള്‍ക്ക് തിരിച്ചടിയായത്. നിരക്ക് കുറയ്ക്കാന്‍ നിര്‍ബന്ധിതമായപ്പോള്‍ കമ്പനികളുടെ പ്രവര്‍ത്തനലാഭത്തില്‍ കുറവുണ്ടായി. മല്‍സരരംഗത്ത് നിലയുറപ്പിക്കാന്‍ വോഡഫോണും ഐഡിയയും തമ്മില്‍ ലയിക്കാന്‍ തീരുമാനിച്ചു. ടാറ്റാ ടെലി സര്‍വീസസിന്റെ ടെലെനര്‍ ഇന്ത്യ, ഭാരതി എയര്‍ടെലില്‍ ഉടന്‍ ലയിച്ചേക്കും. അതേസമയം, ഒരുലക്ഷത്തിലധികം പേര്‍ക്കും തൊഴില്‍ നഷ്ടപ്പെട്ടേക്കാമെന്നും റിപ്പോര്‍ട്ടുകളുണ്ട്.