കണ്ടെയ്നർ തുറക്കാതെ പരിശോധിക്കാം; ടെർമിനലിൽ പുതിയ സ്കാനറുകൾ

വല്ലാ‍ർപാടം കണ്ടെയ്ന‍ർ ടെ‍ർമിനലിൽ കണ്ടെയ്നറുകൾ പരിശോധിക്കുന്നതിന് ആധുനിക സാങ്കേതിക വിദ്യ ഉപയോഗിച്ചുള്ള സ്കാനറുകൾ സ്ഥാപിക്കുന്നു. കണ്ടെയ്നറുകൾ തുറക്കാതെ തന്നെ നിമിഷങ്ങൾ കൊണ്ട് അകത്തുള്ള സാധനങ്ങൾ പരിശോധിക്കാം എന്നതാണ് ഈ സ്കാനറിന്റെ സവിശേഷത. നവംബറിൽ പുതിയ സംവിധാനം ഉദ്ഘാടനം ചെയ്യും.

13 സെക്കൻഡ് കൊണ്ട് ഒരു കണ്ടെയ്നർ പരിശോധിക്കാൻ ശേഷിയുള്ള സ്കാനറുകളാണ് പുതിയതായി വല്ലാർപാടം കണ്ടെയ്നർ ടെർമിനലിൽ സ്ഥാപിച്ചിരിക്കുന്നത് കണ്ടെയ്നർ വഹിച്ചിരിക്കുന്ന ട്രക്ക് സ്കാനറിലൂടെ കടത്തിവിട്ടാണ് പരിശോധന. ട്രക്ക് കടന്നു പോകുമ്പോൾ തന്നെ കണ്ടെയ്നറിനകത്ത് ഉള്ള വസ്തുക്കൾ എക്സറേ സ്കാനർ പരിശോധിക്കും. 

പരിശോധനയിൽ കണ്ടെയ്നറിനകത്ത് സംശയാസ്പദമായി എന്തെങ്കിലും കണ്ടെത്തിയാൽ തുറന്ന് വിശദമായി പരിശോധിക്കും.നിലവിൽ ഓരോ കണ്ടെയ്നറും തുറന്ന് പരിശോധിക്കുന്നതിന് മണിക്കൂറുകളാണ് വേണ്ടി വരുന്നത്. ആയുധങ്ങൾ, ലഹരി പദാർഥങ്ങൾ, സ്ഫോടക വസ്തുക്കൾ എന്നിവയെല്ലാം എളുപ്പത്തിൽ തിരിച്ചറിയാൻ പരിശോധനയിൽ സാധിക്കും. 

ആദ്യഘട്ടത്തിൽ കൊച്ചി വഴി ഇറക്കുമതി ചെയ്യുന്ന സാധനങ്ങളായിരിക്കും ഇത്തരത്തിൽ പരിശോധിക്കുക. കൊച്ചിയിൽ നിന്ന് കയറ്റി അയക്കുന്ന കണ്ടെയ്നറുകൾ പരിശോധിക്കുന്നതിന് നിലവിലുള്ള രീതി തുടരും