വ്യാപാര യുദ്ധ ഭീഷണി നിലനില്‍ക്കുന്നതിനിടെയിലും ഇന്ത്യ അമേരിക്ക വ്യാപാരത്തില്‍ വര്‍ധന

ഇന്ത്യ അമേരിക്ക ഉഭയകക്ഷി വ്യാപാരത്തില്‍ വര്‍ധന. 2007നുശേഷം 119 ശതമാനത്തിന്റെ വര്‍ധനയുണ്ടായതായി അമേരിക്കന്‍ വ്യാപാര വിഭാഗം വെളിപ്പെടുത്തി. ഇരു രാജ്യങ്ങളും തമ്മില്‍ വ്യാപാര യുദ്ധ ഭീഷണി നിലനില്‍ക്കുന്നതിനിടെയാണ് യുഎസ് ട്രേഡ് റപ്രസെന്റേറ്റീവ് വ്യാപാര കണക്കുകള്‍ പുറത്തുവിട്ടത്. ഉഭയകക്ഷി വ്യാപാരം 12,600 കോടി ഡോളറിന്റേതായി. 2017ല്‍ 7,600 കോടി ഡോളറിന്റെ ചരക്കുകളും സേവനങ്ങളുമാണ് ഇന്ത്യയില്‍ നിന്നുള്ള അമേരിക്കന്‍ ഇറക്കുമതി.

ഇന്ത്യയിലേക്കുള്ള കയറ്റുമതിയാകട്ടെ 4,900 കോടി ഡോളറിന്റേതും. അമേരിക്കയുടെ ഒന്‍പതാമത്തെ വലിയ വ്യാപാര പങ്കാളിയാണ് ഇന്ത്യയെന്ന് വ്യാപാര വിഭാഗം വ്യക്തമാക്കി. അമേരിക്കന്‍ കയറ്റുമതിയില്‍ പതിനഞ്ചാം സ്ഥാനമാണ് ഇന്ത്യന്‍ വിപണിക്കുള്ളത്. ആകെ കയറ്റുമതിയുടെ 1.7 ശതമാനം. വിലപിടിപ്പുള്ള ലോഹങ്ങള്‍, വജ്രം, വിമാനങ്ങള്‍, മെഷിനറി, കണ്ണടകള്‍, മെഡിക്കല്‍ ഉപകരണങ്ങള്‍ തുടങ്ങിയവയാണ് അമേരിക്ക ഇന്ത്യയിലേക്ക് പ്രധാനമായിി അയക്കുന്നത്. 

അമേരിക്കന്‍ സേവനങ്ങളുടെ ഇന്ത്യയിലേക്കുള്ള കയറ്റുമതിയാകട്ടെ കഴിഞ്ഞകൊല്ലം 15 ശതമാനം വര്‍ധിച്ച് 2,300 കോടിയുടേതായി. യാത്രാ മേഖല, സോഫ്റ്റ്‌വെയറുകള്‍ ഗതാഗത മേഖല എന്നിവയിലേക്കുള്ള സേവനങ്ങളാണ് ഇതില്‍ പ്രധാനം. ഇന്ത്യയില്‍ നിന്ന് അമേരിക്കയും വില കൂടിയ ലോഹങ്ങളും വജ്രവും വാങ്ങുന്നുണ്ട്. ഒപ്പം മരുന്നുകളും തുണിത്തരങ്ങളും കാര്‍ഷികോല്‍പന്നങ്ങളും. ടെലികമ്യൂണിക്കേഷന്‍, ഐടി, ഗവേഷണം തുടങ്ങിയ മേഖലകളിലേക്കുള്ള സേവനങ്ങളാണ് ഇന്ത്യയില്‍ നിന്ന് അമേരിക്ക വാങ്ങുന്നത്.