വ്യവസായം തുടങ്ങാം; മലയാളി നിക്ഷേപകരെ ക്ഷണിച്ച് ബെൽജിയം

വ്യവസായം തുടങ്ങാന്‍ മലയാളി നിക്ഷേപകര്‍ക്ക് ബെല്‍ജിയത്തിലേക്ക് ക്ഷണം. ഐടി, വിദ്യാഭ്യാസം, മരുന്നു നിര്‍മാണം തുടങ്ങിയ മേഖലകളില്‍ രാജ്യത്ത് വന്‍ നിക്ഷേപസാധ്യതയാണുള്ളതെന്ന് ബെല്‍ജിയം കോണ്‍സല്‍ ജനറല്‍ കൊച്ചിയില്‍ പറഞ്ഞു.  വേൾഡ് ട്രേഡ് സെന്ററും ഫിക്കിയും ചേർന്നു സംഘടിപ്പിച്ച ബിസിനസ് സെമിനാറിൽ പങ്കെടുക്കുകയായിരുന്നു അദ്ദേഹം. 

പരമാവധി വിദേശ നിക്ഷേപകരെ ഇന്ത്യയിലെത്തിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ശ്രമിക്കുന്നതിനിടയിലാണ് മലയാളികളായ നിക്ഷേപകരെ തേടി ബെല്‍ജിയം കോണ്‍സല്‍ ജനറല്‍ കേരളത്തിലെത്തിയത്. 

ലോകകപ്പ് ഫുട്ബോളിനിടെ കേരളത്തിലെത്തിയപ്പോള്‍ മലയാളികള്‍ക്ക് ബെല്‍ജിയത്തോടുള്ള സ്നേഹം നേരിട്ട് അനുഭവിച്ചറിഞ്ഞുവെന്ന് ബെല്‍ജിയം കോണ്‍സല്‍ ജനറല്‍ മാർക് വാൻ ദെ റെകന്‍ പറഞ്ഞു. ഫുട്ബോളിലെ സൗഹൃദത്തിനൊപ്പം വ്യാവസായിക പങ്കാളിത്തവും ബെല്‍ജിയം മലയാളികള്‍ക്ക് വാഗ്ദാനം ചെയ്യുന്നു. 

വ്യാവസായിക രംഗത്ത് ഇന്ത്യയില്‍ ഏറ്റവും മികച്ച പ്രകടനം നടത്തുന്നത് ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളാണെന്ന് അദ്ദേഹം പറയുന്നു. നിക്ഷേപകരെ തേടി കേരളത്തിലെത്തിയതിനു പിന്നിലെ കാരണവും മറ്റൊന്നല്ല.

ഇന്ത്യയുടെ പതിനൊന്നാമത്തെ വലിയ വാണിജ്യ പങ്കാളിയാണു ബെൽജിയം. ഇന്ത്യയുമായുള്ള വാണിജ്യ ഇടപാടിൽ 80 ശതമാനവും ആഭരണങ്ങളും വജ്രവുമാണ്. ബെൽജിയം തലസ്ഥാനമായ ബ്രസൽസ് ഒട്ടേറെ പുതിയ വ്യവസായ അവസരങ്ങള്‍ നൽകുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു. 

യൂറോപ്പിലെ മറ്റു പ്രധാന നഗരങ്ങളുമായി മികച്ച കണക്ടിവിറ്റിയാണ് ബ്രസൽസിനുള്ളതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ബെല്‍ജിയത്തിലെ വ്യവസായ, നിക്ഷേപ വകുപ്പുകളിലെ വിവിധ പ്രതിനിധികള്‍ സെമിനാറില്‍ പങ്കെടുത്തു.