ജൂലൈ മുതല്‍ ഗൃഹോപകരണങ്ങളുടെ വില വര്‍ധിക്കും

ടിവി, റെഫ്രിജറേറ്റര്‍ ഉള്‍പ്പെടെയുള്ള ഗൃഹോപകരണങ്ങളുടെ വില ജൂലൈ മുതല്‍ വര്‍ധിക്കും. നിര്‍മാണച്ചെലവും നികുതിയും കൂടിയതിനാല്‍ 15 ശതമാനം വരെ കൂട്ടാനാണ് ഉല്‍പന്നനിര്‍മാതാക്കളുടെ തീരുമാനം. വില്‍പന കാര്യമായി ഉയര്‍ന്നില്ലെന്നും നിര്‍മാതാക്കള്‍ പറയുന്നു. 

ടിവി, റഫ്രിജറേറ്റര്‍, വാഷിങ് മെഷീന്‍, എയര്‍ കണ്ടീഷണറുകള്‍ എന്നിവയ്ക്കാണ് പത്തുമുതല്‍ പതിഞ്ച് ശതമാനം വരെ വില കൂട്ടാന്‍ പ്രമുഖ കണ്‍സ്യൂമര്‍ ഇലക്ട്രോണിക് ഉല്‍പാദകരായ സാംസങ്, ഐഎഫ്ബി, എല്‍ജി, സോണി, ഗോദ്റെജ് എന്നിവര്‍ തീരുമാനിച്ചിരിക്കുന്നത്. 32 ഇഞ്ച് എല്‍ഇഡി ടിവിയ്ക്ക് 1200 മുതല്‍ 1,500 രൂപവരെ കൂടിയേക്കും. അസംസ്കൃത വസ്തുുക്കളുടെ വിലയിലുണ്ടായ വര്‍ധനയും ഉയര്‍ന്ന നികുതി നിരക്കും മൂലം നിര്‍മാണച്ചെലവ് 20 മുതല്‍ 25 ശതമാനം വരെ ഉയര്‍ന്നതായി ഉല്‍പന്ന നിര്‍മാതാക്കള്‍ വ്യ്ക്തമാക്കി. 28 ശതമാനം ജിഎസ്ടിയാണ് കണ്‍സ്യൂമര്‍ ഇലക്ട്രോണിക് ഉല്‍പന്നങ്ങള്‍ക്ക് ഏര്‍പ്പെത്തിയിരിക്കുന്നത്. ഇത് 18 ശതമാനമാക്കണമെന്ന ആവശ്യം ഇതേവരെ പരിഗണിച്ചിട്ടുമില്ല. ഇതിനുപുറമെയാണ് വില്‍പനയിലുണ്ടായിരിക്കുന്ന കുറവും. കണ്‍സ്യൂമര്‍ ഇലക്ട്രോണിക് ഉല്‍പന്നങ്ങളുടെ വില്‍പനയില്‍ പത്തുശതമാനത്തില്‍ താഴെ മാത്രമേ ഇത്തവണ വളര്‍ച്ചയുണ്ടായിട്ടുള്ളൂവെന്ന് നിര്‍മാതാക്കള്‍ പറയുന്നു. കഴിഞ്ഞ വര്‍ഷം മെയ്, ജൂണ്‍ മാസങ്ങളില്‍ 30 ശതമാനമായിരുന്നു മേഖലയുടെ വില്‍പന വളര്‍ച്ച.