സുന്ദരകാഴ്ച സമ്മാനിച്ച് മാലദ്വീപിലെ ചെറുവിമാനങ്ങൾ

ദ്വീപുരാജ്യത്ത് യാത്രാവേഗം കൂട്ടുന്നതിനൊപ്പം മനോഹരമായ ആകാശക്കാഴ്ചയും സമ്മാനിക്കുന്നവയാണ് സീപ്ലെയിനുകൾ‍. ട്രാന്‍സ് മാലദ്വീവിയന്‍ എയര്‍വേയ്സും മാലദ്വീവിയന്‍ എയര്‍ ടാക്സിയുമാണ് സീ പ്ലെയിന്‍ സര്‍വീസുകള്‍ നടത്തുന്നത്.  എയര്‍പോര്‍ട്ടിനോട് ചേര്‍ന്നു തന്നെയാണ് സീ പ്ലെയിന്‍ ടെര്‍മിനലും. ഒരുസമയം 15 പേര്‍ക്കുവരെയാണ് ഈ കുഞ്ഞന്‍വിമാനത്തില്‍ യാത്ര ചെയ്യാനാവുക. വിമാനത്താവളത്തിലിറങ്ങി വിവിധ ദ്വീപുകളിലെ റിസോര്‍ട്ടുകളിലേക്ക് പോവുന്ന വിനോദസഞ്ചാരികളാണ് പ്രധാന ഉപഭോക്താക്കള്‍. ചില ടൂറിസം പാക്കേജുകളുടെ ഭാഗമായി സീ പ്ലെയന്‍ യാത്ര ഉള്‍പ്പെടുത്തിയിട്ടുണ്ട്. മനോഹരമായ ദ്വീപ് രാജ്യത്തിന്‍റെ ആകാശക്കാഴ്ചയാണ് ഈ യാത്രയിലെ മുഖ്യ ആകര്‍ഷണം.  

പവിഴപ്പുറ്റുകളാൽ അലംകൃതമായ തെളിഞ്ഞ  കടലിന്‍റെ ആകാശദൃശ്യം അതിമനോഹരം.    കടലിന്റെയും കരയുടേയും അപൂർവമായ വൈവിധ്യവും ആകാശത്തുനിന്ന് ആസ്വദിക്കാം.പതിനഞ്ചു   മിനിറ്റാണ് യാത്രയുടെ പരമാവധി ദൈര്‍ഘ്യം.     250 മുതല്‍ 500 ഡോളര്‍ വരെയാണ് സീ പ്ലെയന്‍ യാത്രയുടെ ചിലവ്. രാവിലെ 6 മണി മുതല്‍ വൈകീട്ട് 4.30 വരെ സര്‍വീസ് ലഭ്യമാണ്.