സലൂണ്‍ രംഗത്ത് പുതുപുത്തന്‍ ആശയങ്ങളുമായി വനിതാ സംരംഭക

സലൂണ്‍ രംഗത്ത് പുതുപുത്തന്‍ ആശയങ്ങളുമായി വനിതാ സംരംഭക. ഹൈദരാബാദ് സ്വദേശിനിയായ  ശ്രീദേവി റെഡ്ഢിയാണ്,  തിരക്കുപിടിച്ച സമൂഹത്തിന് അതിവേഗ സേവനം എന്ന ആശയത്തോടെ മെട്രോ സ്റ്റേഷനുകളില്‍ സൂപ്പര്‍ എക്സ്പ്രസ് സലൂണുകള്‍ക്ക് തുടക്കം കുറിച്ചത്. വേഗതയേറിയ സേവനവും, നൂതനസാങ്കേതികവിദ്യയും കോര്‍ത്തിണക്കിയാണ് ബിസിനസ് പരീക്ഷണങ്ങള്‍ 

തിരക്കുകള്‍ക്കിടയില്‍ സൗന്ദര്യപരിപാലനത്തില്‍ ശ്രദ്ധിക്കാന്‍ സമയം കിട്ടാത്തവര്‍ക്ക് ചുരുങ്ങിയ സമയത്തിനുള്ളില്‍ അതിനുള്ള സൗകര്യമൊരുക്കുകയാണ് സൂപ്പര്‍ എക്സ്പ്രസ്. മുടിവെട്ടി വൃത്തിയാക്കാന്‍ പത്തുമിനിട്ടില്‍ കൂടുതല്‍ സമയം വേണ്ട എന്നതാണ് സൂപ്പര്‍ എക്സ്പ്രസിന്റെ വാഗ്ദാനം.  ഹൈദരാബാദ് സ്വദേശിനി ശ്രീദേവി റെഡ്ഢിയാണ് ഇൗ വേഗതയേറിയ ആശയത്തിന്റെ ഉടമ.

ബ്യൂട്ടിഫുള്‍ പീപ്പിള്‍ എന്നപേരില്‍ ഇന്ത്യയുടെ വിവിധ ഭാഗങ്ങളിലുള്ള സലൂണ്‍ ശൃംഖലകള്‍ക്കു ശേഷം മെട്രോയുമായി ബന്ധപ്പെട്ടുള്ള വ്യാപാര സാധ്യതകളാണ് ഇത്തരമൊരു ആശയത്തിലേയ്ക്ക് നയിച്ചതെന്ന് ശ്രീദേവി പറയുന്നു. ഇന്ത്യയില്‍ ആദ്യത്തെ മെട്രോ സലൂണ്‍ ബെംഗളൂരുവിലെ ട്രിനിറ്റി  സ്റ്റേഷനിലാണ് ആരംഭിച്ചിരിക്കുന്നത്. ഉടന്‍ തന്നെ ഡല്‍ഹി മെട്രോയിലും സലൂണ്‍ ആരംഭിക്കാനാണ് പദ്ധതി.

വെള്ളം ഉപയോഗിക്കാതെയാണ് മുടിവെട്ടുന്നതടക്കമുള്ള പ്രവര്‍ത്തനങ്ങള്‍. ശരീരത്തിലോ വസ്ത്രത്തിലോ ഒരു മുടിപോലും അവശേഷിപ്പിക്കാതെ വാക്വം ക്ലീനീങ്ങും ഇവിടുത്തെ പ്രത്യേകതയാണ്. സേവനങ്ങള്‍ തിരഞ്ഞെടുക്കാനും, സമയം നിശ്ചയിക്കാനും മൊബൈല്‍ ആപ്ലിക്കേഷനും ലഭ്യമാണ്. ബ്യൂട്ടീഷ്യന്മാരുടെ വിവരങ്ങളടങ്ങിയ ഇൗ ആപ്ലിക്കേഷന്‍ വഴി ആളെ തിരഞ്ഞെടുക്കാനും സാധിക്കും. ചുരുങ്ങിയ സമയവും, പുത്തന്‍ രീതികളും തുടക്കത്തിലേ തന്നെ ബെംഗളൂരു സ്വീകരിച്ചുകഴിഞ്ഞു, മെട്രോയിറങ്ങിയാല്‍ ഒന്നു തലകാണിക്കാന്‍ എത്തുന്നവര്‍ അനവധി. സലൂണ്‍ രംഗത്ത് പുത്തന്‍ പരീക്ഷണങ്ങള്‍ക്കാണ് ശ്രീദേവി തയ്യാറാകുന്നത്.