പിഎന്‍ബി തട്ടിപ്പ്; അന്വേഷണം പ്രൈസ് വാട്ടര്‍ഹൗസ് കൂപ്പേഴ്സിന്

പഞ്ചാബ് നാഷണല്‍ ബാങ്ക് തട്ടിപ്പിനെക്കുറിച്ച് അന്വേഷിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍, പ്രമുഖ ഓഡിറ്റിങ്ങ് സ്ഥാപനമായ പ്രൈസ് വാട്ടര്‍ഹൗസ് കൂപ്പേഴ്സിനെ ചുമതലപ്പെടുത്തി. അതിനിടെ ബാങ്കിന്റെ നിലവിലെ ഓഡിറ്റര്‍മാരോട് ചാര്‍ട്ടേഡ് അക്കൗണ്ടന്‍റുമാരുടെ സംഘടനയായ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ചാര്‍ട്ടേഡ് അക്കൗണ്ടന്‍റ്സ് ഇന്‍ ഇന്ത്യ വിശദീകരണമാരാഞ്ഞു. തട്ടിപ്പിനെക്കുറിച്ച് പഠിക്കാന്‍ ഐസിഎഐ ഉന്നതതല സമിതി രൂപീകരിച്ചു.  

പതിനഞ്ച് കാര്യങ്ങളെക്കുറിച്ച് വ്യക്തത ഉണ്ടാക്കുന്നതിനുവേണ്ടിയാണ് പ്രൈസ് വാട്ടര്‍ഹൗസ് കൂപ്പേഴ്സിനെ പിഎന്‍ബി ചുമതലപ്പെടുത്തിയത്. നിരവ് മോഡി ബാങ്കിന്റെ  ലെറ്റര്‍ ഓഫ് അണ്ടര്‍സ്റ്റാന്‍ഡിങ്ങ് എപ്രകാരം ദുരുപയോഗം ചെയ്തെന്ന് കണ്ടെത്തുകയാണ് ലക്ഷ്യം. കോടതിയില്‍ തെളിവുകള്‍ ഹാജരാക്കുന്നതിനുവേണ്ടിയാണിത്. കമ്പനിയുടെ ബാലന്‍സ് ഷീറ്റില്‍ നീരവ് മോഡി വെളിപ്പെടുത്താത്ത സ്വത്തിനെക്കുറിച്ചും പിഡബ്ള്യൂസി അന്വേഷിക്കും. അതിനിടെ പിഎന്‍ബിയുടെ നിലവിലെ ഓഡിറ്റര്‍മാരോട് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ചാര്‍ട്ടേഡ് അക്കൗണ്ടന്‍റ്സ് ഇന്‍ ഇന്ത്യ വിശദീകരണം ചോദിച്ചു. ബാങ്കിന്റെ ഡപ്യൂട്ടി ജനറല്‍ മാനേജരെ വിളിച്ചുവരുത്തിയും തട്ടിപ്പിനെക്കുറിച്ച് ഐസിഎഐ അന്വേഷിച്ചിട്ടുണ്ട്. രാജ്യത്തെ പൊതുമേഖലാ ബാങ്കുകളില്‍ നിന്ന് രണ്ടായിരം കോടിക്കു മുകളില്‍ വായ്പയെടുത്തിട്ടുള്ള വ്യവസായികളുടെ പട്ടിക ലഭ്യമാക്കാന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് റിസര്‍വ് ബാങ്കിനോട് അഭ്യര്‍ഥിച്ചിട്ടുണ്ട്.  സെബി, സിബിഐ, ഇഡി എന്നിവയോടും അന്വേഷണത്തിലെ കണ്ടെത്തലുകള്‍ പങ്കുവയ്ക്കണമെന്ന് അഭ്യര്‍ഥിച്ചതായി ഐസിഎഐ അറിയിച്ചു. തട്ടിപ്പിനെക്കുറിച്ച് പഠിക്കാന്‍ നിയോഗിച്ച ഉന്നതതല സമിതിയുടെ ആദ്യ യോഗം നാളെ ചേരും.