നോട്ട് അസാധുവാക്കൽ; അരുൺ ജയ്റ്റ്ലിയും മന്‍മോഹൻ സിങും തമ്മില്‍ വാക്പോര്

നോട്ട് അസാധുവാക്കലിന്‍റെ ഒന്നാം വാര്‍ഷികത്തലേന്ന് മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍സിങും കേന്ദ്രധനമന്ത്രി അരുണ്‍ജയ്റ്റ്ലിയും തമ്മില്‍ വാക്പോര്. നോട്ട് അസാധുവാക്കല്‍ മണ്ടത്തരമായിപ്പോയെന്ന് ഇനിയെങ്കിലും പ്രധാനമന്ത്രി നരേന്ദ്രമോദി സമ്മതിക്കണമെന്ന് മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍സിങ് ആവശ്യപ്പെട്ടു. എല്ലാ ലക്ഷ്യങ്ങളും നേടിയ സാമ്പത്തിക പരിഷ്കാരമാണ് നോട്ട് അസാധുവാക്കലെന്ന് കേന്ദ്രമന്ത്രി അരുണ്‍ജയ്റ്റ്ലി പ്രതികരിച്ചു.

ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയുടെ നിര്‍ണായക ചുവടുവയ്പ്പാണ് നോട്ടുഅസാധുവാക്കലെന്ന മുഖവുരയോടെയാണ് വിമര്‍ശനങ്ങള്‍ക്കുള്ള കേന്ദ്രധനമന്ത്രിയുടെ മറുപടി ആരംഭിച്ചത്. തളര്‍‌ന്നുകിടന്ന സമ്പദ് വ്യവസ്ഥയ്ക്ക് പുത്തനുണര്‍വ് നല്‍കാന്‍ കഴിഞ്ഞു. നോട്ട് അസാധുവാക്കല്‍ ഉള്‍പ്പെടെയുള്ള പരിഷ്കാരങ്ങള്‍ക്ക് രാജ്യാന്തരഏജന്‍സികളുടെ പ്രശംസ പിടിച്ചുപറ്റാനായി. പത്തുവര്‍ഷം കള്ളപ്പണത്തിനെതിരെ ഒന്നും ചെയ്യാത്ത കോണ്‍ഗ്രസാണ് വിമര്‍ശനമുന്നയിക്കുന്നത്. 2ജി സ്പെട്രം, കോമണ്‍വെല്‍ത്ത് , കല്‍ക്കരി എന്നീ അഴിമതികളിലൂടെ കോണ്‍ഗ്രസ് ഭരണകാലത്താണ് സംഘടിതമായ കൊള്ള നടന്നതെന്നും അരുണ്‍ജയ്റ്റ്ലി മറുപടി നല്‍കി.

വീണ്ടുവിചാരമില്ലാത്ത നടപടിയാണ് നോട്ട് നിരോധനമെന്നായിരുന്നു മുന്‍ റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ കൂടിയായിരുന്ന മന്‍മോഹന്‍സിങിന്‍റെ പരാമര്‍ശം. സര്‍ക്കാര്‍ മുന്നോട്ടുവെച്ച ഒരു ലക്ഷ്യം പോലും നേടാനായിട്ടില്ല. സംഘടിതവും, നിയമപരവുമായ കൊള്ളയാണ് നടന്നത്. റിസര്‍വ് ബാങ്കിന്‍റെ വിശ്വാസ്യതയ്ക്കും സ്വകാര്യതയ്ക്കും നേരെയുണ്ടായ ആക്രമണമാണ് നോട്ടുഅസാധുവാക്കല്‍.  പിന്നാലെയത്തിയ ജി.എസ്.ടിയും സാമ്പത്തികരംഗത്തെ പിടിച്ചുലച്ചെന്നും മന്‍മോഹന്‍സിങ് വിമര്‍ശിച്ചു. അഹമ്മദാബാദില്‍ വ്യാപാരിസമൂഹത്തെ പങ്കെടുപ്പിച്ചുകൊണ്ട് കോണ്‍ഗ്രസ് സംഘടിപ്പിച്ച പരിപാടിയിലാണ് മുന്‍ പ്രധാനമന്ത്രിയുടെ വിമര്‍ശനം.