നോട്ട് നിരോധനം സാമ്പത്തിക മാന്ദ്യമുണ്ടാക്കി; പറഞ്ഞതിന് തനിക്കെതിരെ വാളോങ്ങി; എം.ടി

നോട്ട് നിരോധനമാണ് രാജ്യത്തെ സാമ്പത്തിക മാന്ദ്യത്തിലേയ്ക്ക് തള്ളിവിട്ടതെന്ന് എഴുത്തുകാരന്‍ എം.ടി. വാസുദേവന്‍ നായര്‍. പ്രളയത്തെക്കുറിച്ചും കുടിവെള്ള ക്ഷാമത്തെക്കുറിച്ചും പഠിക്കാന്‍ വിദഗ്ധ സമിതിയെ നിയോഗിക്കണം. സമൂഹമാധ്യമങ്ങളുടെ ഇടപെടല്‍ കുറയ്ക്കണമെന്നും എം.ടി. മനോരമ ന്യൂസിന് നല്‍കിയ പ്രത്യേക അഭിമുഖത്തില്‍ പറഞ്ഞു. 

സാമൂഹിക നിരീക്ഷകന്‍ എന്ന രീതിയിലാണ് നോട്ട് നിരോധനം അപകടമുണ്ടാക്കുമെന്ന് ആശങ്കപ്പെട്ടതെങ്കിലും ഇതുമനസിലാക്കാതെ പലരും തനിക്കെതിരെ വാളോങ്ങിയെന്ന് ബിജെപിയെ പേരെടുത്തു പറയാതെ എംടി കുറ്റപ്പെടുത്തി. ആശങ്ക ഇപ്പോള്‍ യാഥാര്‍ഥ്യമായി. ഇനിയെങ്കിലും തിരുത്താന്‍ തയ്യാറാകണം. 

കുടിവെള്ള പ്രശ്നം പരിഹരിക്കാന്‍ പരസ്യമായി പ്രതികരിക്കേണ്ടി വന്നു. ആഗോളതാപനമടക്കമുള്ള പ്രശ്നങ്ങള്‍ ലോകത്തെ കീഴ്പ്പെടുത്തുമ്പോള്‍ കേരളത്തിലുണ്ടാകുന്ന തുടര്‍ച്ചയായ വെള്ളപ്പൊക്കത്തെക്കുറിച്ച് പഠനം നടത്തണം. 

മകളും നര്‍ത്തകിയുമായ അശ്വതി ശ്രീകാന്തുമൊത്ത് എം.ടി. മനോരമ ന്യൂസിന് നല്‍കിയ പ്രത്യേക അഭിമുഖം – മകളുടെ എംടി, ഇന്ന് രാത്രി 7.30നും 9.30നും കാണാം.