പഴയ കറൻസി നോട്ടുകൾ നിരോധിച്ച് ഒമാൻ; ഓഗസ്റ്റ് ഒന്ന് മുതൽ പ്രാബല്യത്തിൽ

ഒമാനിൽ ഉപയോഗത്തിലിരിക്കുന്ന പഴയ കറൻസി നോട്ടുകൾ നിരോധിക്കുന്നു. 1995 ന് മുൻപുള്ള നോട്ടുകൾ ഒരുമാസത്തിനകം മാറ്റി വാങ്ങണമെന്ന് ഒമാൻ സെൻട്രൽ ബാങ്ക് അറിയിച്ചു. ഓഗസ്റ്റ് ഒന്നു മുതല്‍ പഴയ കറൻസികൾ അസാധുവായിരിക്കും.

പഴയ നോട്ടുകൾ മാറ്റി പുതിയതു വാങ്ങാൻ പൊതുജനങ്ങൾക്കു എല്ലാ സൗകര്യമൊരുക്കിയശേഷമാണ് പഴയ കറൻസി നോട്ടുകൾ അസാധുവാക്കുന്നതായി സെൻട്രൽ ബാങ്ക് അറിയിച്ചത്. രാജ്യത്തെ എല്ലാ ബാങ്കുകള്‍ക്കും ധനകാര്യ സ്ഥാപനങ്ങള്‍ക്കും വ്യക്തികള്‍ക്കും ഇത് ബാധകമാണ്.

 1970 ൽ മസ്കറ്റ് കറൻസി അതോറിറ്റിയും 1972 ൽ ഒമാൻ കറൻസി ബോർഡും പുറത്തിറക്കിയ 100 ബൈസ, കോർട്ടർ റിയാൽ, ഹാഫ് റിയാൽ, വൺ റിയാൽ, ഫൈയ്‌വ് റിയാൽ, ടെൻ റിയാൽ എന്നീ സീരീസിലുള്ള നോട്ടുകൾ ഓഗസ്റ്റ് ഒന്നു തുടങ്ങി അസാധുവായിരിക്കും.

 1976 ലും 1985 ലുമായി ഒമാൻ സെൻട്രൽ ബാങ്ക് പുറത്തിറക്കിയ 100 ബൈസ, ഫിഫ്റ്റി റിയാൽ നോട്ടുകളും, 1995 നു മുൻപുള്ള ഹോളോഗ്രാം ലൈൻ ഗ്രാഫിസ് ഇല്ലാത്ത 50 റിയാൽ, 20 റിയാൽ, 10 റിയാൽ, 5 റിയാൽ നോട്ടുകളും നിരോധിച്ചവയിൽ ഉൾപ്പെടുന്നു. മസ്കറ്റ് റൂവിയിലെ സെൻട്രൽ ബാങ്കിലും, സൊഹാർ, സലാല എന്നിവിടങ്ങളിലെ സെൻട്രൽ ബാങ്കിന്റെ ശാഖകളിലും നോട്ട് മാറാനുള്ള സൗകര്യം ഏർപ്പെടുത്തിയിട്ടുണ്ടെന്നും സെൻട്രൽ ബാങ്ക് പ്രസ്താവനയിൽ അറിയിച്ചു.