നോട്ട് നിരോധനം വൻ തിരിച്ചടിയായി; തൊഴിലവസരം ഇടിഞ്ഞെന്ന് റിപ്പോർട്ട്

2016ലെ നോട്ട് നിരോധനം ഇന്ത്യന്‍ സമ്പദ്‍വ്യവസ്ഥയ്ക്ക് വന്‍ തിരിച്ചടിയായതായി ഏറ്റവും പുതിയ പഠന റിപ്പോര്‍ട്ടുകള്‍. നോട്ട് നിരോധനം  തൊഴിലവസരങ്ങളില്‍ മൂന്ന് ശതമാനം ഇടിവുണ്ടാക്കിയതായി റിപ്പോര്‍‍ട്ട് പറയുന്നു. മലയാളിയും ഐഎംഎഫ് ചീഫ് ഇകണോമിസ്റ്റുമായ ഗീതാ ഗോപിനാഥ് അടങ്ങുന്ന സംഘമാണ് പഠനം നടത്തിയത് 

വിനിമയത്തിലുളള 86 ശതമാനം കറന്‍സികളും നിരോധിച്ച ഒന്നാം മോദി സര്‍ക്കാരിന്‍റെ തീരുമാനം രാജ്യത്തെ വ്യാപാര മേഖലയ്ക്കും ജനങ്ങള്‍ക്കും കനത്ത ആഘാതമാണ് സൃഷ്ടിച്ചതെന്ന് പഠനം വ്യക്തമാക്കുന്നു. സാമ്പത്തിക വിദഗ്ധയും ഐഎംഎഫ് ചീഫ് ഇകണോമിസ്റ്റുമായ ഗീതാ ഗോപിനാഥ്, ഹാര്‍വാര്‍ഡ് യൂണിവേഴ്സിറ്റിയിലെ അസോസിയേറ്റ്  പ്രൊഫസര്‍ ഗബ്രിയേല്‍ ഷോ‍ഡോറോ റീച്ച് എന്നിവര്‍ ചേര്‍ന്നാണ് പഠനം നടത്തിയത്. 

തൊഴിലവസരങ്ങളില്‍ 2 മുതല്‍ 3 ശതമാനം വരെ ഇടിവിന് നോട്ട് നിരോധനം വഴിവെച്ചതായി റിപ്പോര്‍ട്ടിലുണ്ട്.  പണലഭ്യതയിലുണ്ടായ കുറവ് വിപണിയെ വന്‍തോതില്‍ ബാധിച്ചു. ബിസിനസ് സംരംഭങ്ങള്‍ പ്രതിസന്ധിയിലായി. സാമ്പത്തിക വളര്‍ച്ചയെയും നോട്ട് നിരോധനം ബാധിച്ചു. 2016 നവംബര്‍,ഡിസംബര്‍ മാസങ്ങളില്‍ സാമ്പത്തിക ഇടപാടുകള്‌ ഗണ്യമായി കുറഞ്ഞു.  നോട്ട് നിരോധന തീരുമാനം രഹസ്യമായി കൈകൊണ്ടതിനാല്‍ ആര്‍ബിഐക്ക് വേണ്ടത്ര മുന്നൊരുക്കം നടത്താനായില്ലെന്നും പഠനം കുറ്റപ്പെടുത്തുന്നുത്.ആവശ്യമുളള നോട്ടുകള്‍ അച്ചടിക്കാന്‍ ഇത് മൂലം ആര്‍ബിഐക്കായില്ല. അതേ സമയം ഡിജിറ്റല്‍ പണമിടപാടുകള്‍ വര്‍ധിക്കുന്നതിന് നോട്ട് നിരോധനം സഹായിച്ചതായി റിപ്പോര്‍ട്ട് പറയുന്നു