പാചകവാതകവില കുത്തനെ കൂട്ടി

പാചകവാതകവില വീണ്ടും കുത്തനെ കൂട്ടി. ഗാർഹിക ആവശ്യത്തിനുള്ള സബ്സിഡിയില്ലാത്ത സിലിണ്ടറിന്റെ വില 94 രൂപയും വാണിജ്യാവശ്യത്തിനുള്ള സിലിണ്ടറിന്റെ വില 146 രൂപ കൂടി 1289 രൂപയായി. അടുത്തമാർച്ചോടെ എൽപിജി സബ്സിഡി പിൻവലിക്കുന്നതിന് മുന്നോടിയായി മാസം തോറും വിലകൂട്ടണമെന്ന കേന്ദ്രസർക്കാർ തീരുമാനത്തിന്റെ മറവിലാണ് എണ്ണകമ്പനികൾ ഇത്രകണ്ട് വില വർധിപ്പിക്കുന്നതും. 

വാണിജ്യസിലിണ്ടറുകൾക്ക് കോർപ്പറേറ്റുകൾക്ക് അനുവദിച്ചിരിക്കുന്ന സബ്്സിഡി ആനുകൂല്യമൊന്നും ഇതുപൊലുള്ള തട്ടുകടക്കാരനോ ഹോട്ടൽ വ്യവസായിക്കോ ഇല്ല. അതിനാൽ തന്നെ സാധാരണക്കാരന്റെ ആശ്രയമായ ഹോട്ടലുകളിൽ ഇനി ചായ മുതലുള്ള അങ്ങോട്ട് എന്തിനും പൊള്ളുന്ന വിലയായിരിക്കുമെന്നകാര്യത്തിൽ തർക്കമില്ല. വാണിജ്യാവശ്യത്തിനുള്ള സിലിണ്ടറൊന്നിന് നൽകേണ്ട വില 1289 രൂപ. ഗാർഹിക സിലിണ്ടറിന്റെ വില 635 രൂപയുണ്ടായിരുന്നതാണ് 729 രൂപയായി വർധിച്ചത്. സിലിണ്ടറിന്റെ അടിസ്ഥാന വില 498രൂപ 88 പൈസയായതോടെ സബ്സിഡി സിലിണ്ടറിന് നാല് രൂപ 39 പൈസയുടെ വർധനയാണ് ഉണ്ടായിരിക്കുന്നത്. പ്രതിവർഷം 14.2 കിലോഗ്രാമിന്റെ 12 സിലിണ്ടറുകളാണു സബ്സിഡി നിരക്കിൽ ഒരു കുടുംബത്തിന് അനുവദിച്ചിരിക്കുന്നത്. കൂടുതൽ വേണമെങ്കിൽ സാധാരണ വിപണി നിരക്കിൽ വാങ്ങേണ്ടിവരും. 

ഇക്കഴിഞ്ഞ മേയ് മാസത്തിനുശേഷം എൽപിജി നിരക്കിൽ വരുത്തുന്ന ആറാമത്തെ വർധനയാണിത്. സബ്സി‍ഡി ഉപേക്ഷിച്ചവരെയും ഹോട്ടൽ വ്യവസായത്തേയെമാണ് വിലവർധന കാര്യമായി ബാധിക്കുക.