അമിത് ഷായുടെ ഡീപ് ഫേക്ക് വിഡിയോ; രാഹുലിന്റെ അറിവോടെയെന്നു അമിത് ഷാ; വിവാദം

തിരഞ്ഞെടുപ്പ് പ്രചാരണ രംഗത്ത് പുതിയ വിവാദമായി അമിത് ഷായുടെ ഡീപ് ഫേക്ക് വിഡിയോ. പരാജയഭീതിയിലായ കോണ്‍ഗ്രസ് രാഹുല്‍ ഗാന്ധിയുടെ അറിവോടെയാണ് ഇത് പ്രചരിപ്പിക്കുന്നതെന്ന് അമിത് ഷാ ആരോപിച്ചു. ബിജെപിയാണ് വ്യാജവിഡിയോ രംഗത്തെ വിദഗ്‍ധരെന്ന് മല്ലികാര്‍ജ്ജുന്‍ ഖര്‍ഗെ മറുപടി നല്‍കി.

തെലങ്കാനയിലെ പ്രസംഗത്തില്‍ എസ്.സി– എസ് ടി , ഒബിസി സംവരണം അവസാനിപ്പിക്കും എന്ന് പറയുന്നതായി കാണിക്കുന്ന വിഡിയോയാണ് വിവാദത്തിലായത്. തെലങ്കാനയിലെ മുസ്‌ലിം സംവരണം എടുത്തുകയുമെന്ന പ്രസംഗമാണ് എഡിറ്റ് ചെയ്ത് പ്രചരിപ്പിച്ചത്.  പ്രസംഗത്തിന്‍റെ യഥാര്‍ഥ വിഡിയോ പുറത്തുവിട്ടുകൊണ്ട് ഗുവാഹത്തിയിലെ വാര്‍ത്താസമ്മേളനത്തില്‍ അമിത് ഷാ കോണ്‍ഗ്രസ് നേതൃത്വത്തിനെതിരെ ആഞ്ഞടിച്ചു. പരാജയ ഭീതിയിലായ കോണ്‍ഗ്രസ് വ്യാജവിഡിയോകള്‍ നിര്‍മിച്ച് പ്രചരിപ്പിക്കുന്നു. രാഹുല്‍ ഗാന്ധിയുടെ അറിവോടെയാണിതെന്നും കര്‍ശന നടപടിയുണ്ടാകുമെന്നും അമിത് ഷാ 

ബിജെപിയാണ് വ്യാജ വിഡിയോ നിര്‍മാണത്തില്‍ വിദഗ്ധരെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖര്‍ഗെ മറുപടി നല്‍കി. വ്യാജ വിഡിയോകളില്‍ വിവിധ സംസ്ഥാനങ്ങളില്‍ നടപടി തുടങ്ങി.  മുംബൈയില്‍ കേസെടുത്ത സൈബര്‍ സെല്‍ യൂത്ത് കോണ്‍ഗ്രസിന്‍റെയും എന്‍സിപിയുടെയും ഉള്‍പ്പെടെ 16 എക്സ് അക്കൗണ്ടുകളില്‍ നിന്ന് വിഡിയോ നീക്കി. ഇരുവിഭാഗങ്ങള്‍ തമ്മില്‍ ശത്രുത വളര്‍ത്തുന്നുവെന്ന വകുപ്പ് ചുമത്തിയാണ് കേസ്. വിഡിയോയുടെ വിവരങ്ങള്‍‌ക്കായി ഡല്‍ഹി പൊലീസ് എക്സിന് കത്തയച്ചു. പാര്‍ട്ടി ഹാന്‍ഡിലുകള്‍‌ വഴി വിഡിയോ പ്രചരിപ്പിച്ചെന്ന് കാണിച്ച് തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡിയോട് നാളെ ഹാജരാകാന്‍ ആവശ്യപ്പെട്ട് ഡല്‍ഹി പൊലീസ് നോട്ടിസ് നല്‍കിയിട്ടുണ്ട്. ആരും പേടിക്കാന്‍ പോകുന്നില്ലെന്നും ഉചിതമായ മറുപടി നല്‍കുമെന്നും ആയിരുന്നു രേവന്തിന്‍റെ പ്രതികരണം.

Amit Shah Slams Congress For Doctored Clip, Plays Out Real And Fake Videos