മക്കളെ കൊലപ്പെടുത്തിയ ശേഷം അമ്മ മരിച്ചു; കുട്ടികളുടെ മരണം വിഷം ഉള്ളില്‍ചെന്ന്

കാസർകോട് ചീമേനിയിൽ അമ്മയെയും മക്കളെയും വീടിനുള്ളിൽ മരിച്ചനിലയിൽ കണ്ടെത്തി. ചീമേനി ചെമ്പ്രകാനത്ത് സജന, മക്കളായ ഗൗതം,  തേജസ്‌ എന്നിവരാണ് മരിച്ചത്. രണ്ട് മക്കളെയും വിഷം നൽകി കഴുത്തു ഞെരിച്ചു കൊലപ്പെടുത്തിയ ശേഷം സജ്‌ന തൂങ്ങി മരിച്ചെന്നാണ് പ്രാഥമിക നിഗമനം. 

പെരിങ്ങോം വയക്കര പഞ്ചായത്തിലെ ജീവനക്കാരി  സജന, ഒൻപത് വയസ്സുകാരൻ ഗൗതം  ആറ് വയസുകാരൻ തേജസ് എന്നിവരെയാണ് ഇന്ന് ഉച്ചയോടെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. വീടിന്റെ മുകൾ നിലയിലെ കിടപ്പുമുറിയിൽ നിലത്ത് കിടക്കയിലായിരുന്നു  മക്കളുടെ മൃതദേഹം. കഴുത്തിൽ തുണിമുറുക്കിയതിന്റെ ലക്ഷണങ്ങളുണ്ട്. വീടിന്റെ ടെറസിൽ തൂങ്ങിയ നിലയിലായിരുന്നു സജനയുടെ മൃതദേഹം. കൈ ഞരമ്പുകൾ മുറിച്ച നിലയിലാണ്. സംഭവസമയത്ത് വീട്ടിൽ മറ്റാരുമുണ്ടായിരുന്നില്ല.

ഉച്ചയോടെ സജനയുടെ ഭർതൃപിതാവ് ശിവ ശങ്കരൻ വീട്ടിലെത്തിയപ്പോഴാണ്‌ മൂവരെയും മരിച്ച നിലയിൽ കണ്ടെത്തിയത്‌. ഉടൻ തന്നെ നാട്ടുകാരെയും പൊലീസിനെയും വിവരം അറിയിച്ചു. ഫോറൻസിക് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി പരിശോധന നടത്തി. ഇൻക്വിസ്റ്റിന് ശേഷം മൃതദേഹങ്ങൾ പോസ്‌റ്റ്‌മോർടത്തിനായി പരിയാരം മെഡിക്കൽ കോളജിലേക്ക്‌ മാറ്റി. ഗൗതം ചീമേനി വിവേകാനന്ദ സ്‌കൂളിൽ മൂന്നാം തരത്തിലും  തേജസ്‌ എൽകെജി വിദ്യാർഥിയുമാണ്. കെഎസ്‌ഇബി സബ്‌ എൻജിനീയർ ടി.എസ്‌ രഞ്ജിത്താണ് സജനയുടെ ഭർത്താവ്.

Kasargod mother killed her children and took her own life