'അരുണാചലില്‍' ഹൈക്കമാന്‍ഡിന് അതൃപ്തി; പിസിസി നേതൃത്വത്തിന് കാരണം കാണിക്കല്‍ നോട്ടിസ്

പിസിസി അധ്യക്ഷന്‍ നവം തൂകി (വലത്)

അരുണാചൽപ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പിൽ മുഖ്യമന്ത്രി പെമ ഖണ്ഡു അടക്കം ബിജെപിയുടെ അഞ്ച് സ്ഥാനാർത്ഥികൾ എതിരില്ലാതെ തിരഞ്ഞെടുക്കപ്പെടുന്നതിൽ കോൺഗ്രസ് ഹൈക്കമാൻഡ് കടുത്ത അതൃപ്തിയിൽ. സംസ്ഥാന നേതൃത്വത്തിനെതിരായ ശക്തമായ നടപടികൾക്ക് മുന്നോടിയായി സംസ്ഥാനത്തിന്‍റെ ചുമതലയുള്ള ചല്ല കുമാറിനും പിസിസി അധ്യക്ഷൻ നവം തുകിക്കും കാരണം കാണിക്കൽ നോട്ടിസ് നൽകി. സ്ഥാനാർത്ഥികളെ നിശ്ചയിക്കാൻ  ചുമതലപ്പെടുത്തിയിട്ടും വീഴ്ചവരുത്തി എന്നാണ് വിലയിരുത്തൽ.

ആകെയുള്ള 60 സ്ഥാനാര്‍ഥികളില്‍ 34 പേരെ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മറ്റി ചർച്ച ചെയ്ത ശേഷം പ്രഖ്യാപിച്ചിരുന്നു. ശേഷിക്കുന്നവ തീരുമാനിക്കാൻ സംസ്ഥാന നേതൃത്വത്തെ ചുമതലപ്പെടുത്തുകയായിരുന്നു.ഇതിൽ മുഖ്യമന്ത്രി പെമ ഖണ്ഡുവിന്‍റേതടക്കമുള്ള അഞ്ചു മണ്ഡലങ്ങളിലാണ് സംസ്ഥാന നേതൃത്വം സ്ഥാനാർത്ഥികളെ പ്രഖ്യാപിക്കാതിരുന്നത്. ബുധനാഴ്ച നാമനിർദ്ദേശപത്രിക സമർപ്പിക്കേണ്ട സമയം അവസാനിച്ചതോടെ ബിജെപി സ്ഥാനാർത്ഥികൾ എതിരില്ലാതെ തെരഞ്ഞെടുക്കപ്പെടാൻ പോവുകയാണ്. ഏപ്രിൽ 19 നാണ് വോട്ടെടുപ്പ്.

PCC fails to file candidature in 5 seats; High command seeks explanation, Arunachal Pradesh