660 പ്രദേശങ്ങള്‍ തെരുവുനായ ഹോട്ട്സ്പോട്ട്; ഇന്നും ആക്രമണം

സംസ്ഥാനത്ത് തെരുവുനായ് ശല്യം കൂടുതലുള്ള 660 പ്രദേശങ്ങള്‍ കണ്ടെത്തിയെന്ന് സര്‍ക്കാര്‍. തെരുവുനായകള്‍ക്ക് പേവിഷ പ്രതിരോധ വാക്സീന്‍ നല്‍കാനായി നാലുലക്ഷം ഡോസ് കൂടി ഉടന്‍വാങ്ങുമെന്ന് മന്ത്രി ജെ.ചിഞ്ചുറാണി അറിയിച്ചു. തെരുവുനായ വിഷയത്തിൽ സർക്കാർ  സ്വീകരിച്ച നടപടികൾ ഹൈക്കോടതിയെ അറിയിക്കുമെന്ന് മന്ത്രി എം.ബി.രാജേഷും വ്യക്തമാക്കി. തൃശൂരില്‍ ഫുട്ബോള്‍ കളിക്കുകയായിരുന്ന യുവാവിനെ ഉള്‍പെടെ സംസ്ഥാനത്ത് വിവിധ ഇടങ്ങളില്‍ ഇന്നും  തെരുവുനായ ആക്രമണം ഉണ്ടായി.

രണ്ടുലക്ഷം വളര്‍ത്തുനായകള്‍ക്ക് ഈ ഏപ്രില്‍മാസം മുതല്‍ പേവിഷ പ്രതിരോധ വാക്സീന്‍ നല്‍കിയതായി മൃഗസംരക്ഷണ വകുപ്പ് മന്ത്രി ജെ.ചിഞ്ചുറാണി അറിയിച്ചു. നാലുലക്ഷം ഡോസ് വാക്സീന്‍കൂടി വാങ്ങും. 20ാം തീയതി മുതല്‍ തെരുവുനായകള്‍ക്കുള്ള വാക്സീന്‍ യജ്ഞം ആരംഭിക്കും. 

ഇതുവരെ ആരോഗ്യ വകുപ്പ് 490 ഹോട്ട്സ്പോടുകളും മൃഗസംരക്ഷണ വകുപ്പ് 170 ഹോട്ട്സ്പോട്ടുകളും കണ്ടെത്തിയതായി മന്ത്രി എം.ബി.രാജേഷ് അറിയിച്ചു. നായകള്‍ക്ക് വന്ധ്യംകരണ കേന്ദ്രങ്ങള്‍ തുടങ്ങുന്നതിനോട് വിവിധ ജില്ലകളില്‍ നിന്ന്  വ്യാപകമായ എതിര്‍പ്പുയരുന്നുണ്ട്.

നായകള്‍ക്ക് ഒാറല്‍വാക്സീന്‍ നല്‍കുമെന്ന് കഴിഞ്ഞദിവസം മൃഗസംരക്ഷണ വകുപ്പും ആരോഗ്യവകുപ്പുമായുള്ള യോഗത്തിന് ശേഷം തദേശ മന്ത്രി  അറിയിച്ചിരുന്നു. എന്നാല്‍ ഈ വാക്സീന് ഇതുവരെ ഇന്ത്യയില്‍ അനുമതിലഭിച്ചിട്ടില്ലെന്ന് മൃഗസംരക്ഷണ മന്ത്രി അറിയിച്ചു. അതിനാല്‍  ഭക്ഷണത്തില്‍കലര്‍ത്തി നല്‍കുന്ന ഇത് ഉടന്‍കേരളത്തില്‍പരീക്ഷിക്കില്ല. സംസ്ഥാനത്തിന്‍റെ വിവിധഭാഗങ്ങളില്‍ നിന്ന് ഇന്നും തെരുവുനായകളുടെ ആക്രമണം റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. പാലക്കാട് വടകരപ്പതി കോഴിപ്പാറയിൽ വീട്ടമ്മയെ തെരുവ് നായ കടിച്ച് പരുക്കേൽപ്പിച്ചു. കോഴിക്കോട് രണ്ടിടങ്ങളില്‍ തെരുവുനായ ആക്രമണം ഉണ്ടായി. മാവൂരും ഉള്ള്യേരിയിലും ആക്രമണങ്ങളില്‍ നാല് പേര്‍ക്ക് പരുക്കേറ്റു. ഉള്ള്യേരിയില്‍ ബൈക്കിന് കുറുകെ നായ്ക്കള്‍ചാടിയാണ് അപകടം ഉണ്ടായത്.