അന്യോന്യം പഴിചാരി തദ്ദേശസ്ഥാപനങ്ങൾ; എങ്ങുമെത്താതെ തെരുവുനായ നിയന്ത്രണപദ്ധതി

ശല്യവും ഭീഷണിയും തുടരുമ്പോഴും തെരുവുനായകളെ നിയന്ത്രിക്കാനുളള പദ്ധതി നടപ്പിലാക്കാതെ തദ്ദേശസ്ഥാപനങ്ങള്‍. എബിസി പദ്ധതിയുടെ ഭാഗമായി തെരുവുനായകള്‍ക്ക് ഷെല്‍ട്ടര്‍ സ്ഥാപിക്കുന്നതിനെ ചൊല്ലി പരസ്പരം പഴിചാരി ബ്ലോക്ക്, ഗ്രാമ പഞ്ചായത്തുകള്‍. വണ്ടൂർ ഗേൾസ് ഹയർ സെക്കണ്ടറി സ്കൂളിൽ നിന്നുള്ള കാഴ്ചയാണിത്. നായകള്‍ ക്ലാസിനുളളിലേക്ക് ഒാടിക്കയറുന്ന സംഭവങ്ങളും പതിവാണ്. പ്രദേശത്തടക്കം തെരുവുനായ ശല്ല്യത്തിന് പരിഹാരം കാണാനാണ് എബിസി പദ്ധതിയുടെ ഭാഗമായി വന്ധ്യംകരണം കൂടി ലക്ഷ്യമിട്ട് ഷെല്‍ട്ടര്‍ നിര്‍മിക്കാനുളള തീരുമാനം. രണ്ട് ബ്ലോക്ക് പഞ്ചായത്തുകള്‍ക്ക് ഒരു ഷെല്‍ട്ടര്‍ വീതം നിര്‍മിക്കാനാണ് നിര്‍ദേശം.

വണ്ടൂര്‍ ബ്ലോക്ക് പഞ്ചായത്തില്‍ ഒരു മാസം മുന്‍പ് യോഗം ചേര്‍ന്ന് ഷെല്‍ട്ടര്‍ നിര്‍മിക്കാന്‍ തീരുമാനം എടുത്തെങ്കിലും ഒരിഞ്ചു പോലും മുന്നോട്ടു പോയില്ല. ഭൂമി കണ്ടെത്താന്‍ ഗ്രാമ പഞ്ചായത്തുകളെ ചുമതലപ്പെടുത്തിയെങ്കിലും അനുകൂല മറുപടി ലഭിച്ചില്ലെന്നാണ് ബ്ലോക്ക് പഞ്ചായത്ത് ഭരണസമിതി പറയുന്നത്.ഗൗരവമേറിയ വിഷയമായിട്ടും തദ്ദേശ സ്ഥാപനങ്ങള്‍ തെരുവുനായ നിയന്ത്രണത്തിനു വേണ്ടി കാര്യമൊന്നും ചെയ്യുന്നില്ലെന്നാണ് വ്യക്തമാകുന്നത്. കുട്ടികളേയും പ്രായമായവരേയും തെരുവുനായകള്‍ ആക്രമിക്കുന്ന സംഭവങ്ങള്‍ ആവര്‍ത്തിക്കുകയുമാണ്.

Local bodies not implementing the plan to control stray dogs