വൈക്കത്ത് വീണ്ടും തെരുവ് നായ ആക്രമണം; 5 പേര്‍ക്ക് കടിയേറ്റു

വൈക്കത്ത് വീണ്ടും തെരുവ് നായ് ആക്രമണം രൂക്ഷമാവുന്നു.റ്റി.വി.പുരം പഞ്ചായത്തിൽ മൂന്ന് ദിവസത്തിനിടെ 80 വയസുകാരനടക്കം അഞ്ച് പേർക്കാണ് കടിയേറ്റത്. ആറ് കോഴികളെ കൊന്ന തെരുവ് നായ ഒരു പൂച്ചയെയും കടിച്ച് പരിക്കേൽപ്പിച്ചു. നായെ കണ്ടെത്താനാവാതെ വന്നതോടെ പ്രദേശവാസികൾ ആശങ്കയിലാണ്.

റ്റിവിപുരം പഞ്ചായത്തിലെ പറക്കാട്ടുകുളങ്ങരയിലാണ് അഞ്ച് പേർക്ക് തെരുവ് നായയുടെ കടിയേറ്റത്. വൈക്കം സ്വദേശിനി ആശയ്ക്കാണ് ആദ്യം തെരുവ് നായയുടെ കടിയേറ്റത്. രണ്ട് ദിവസം കഴിഞ്ഞതോടെ ആശയുടെ ഭർത്താവ് സുനിലിനും ഇന്നലെ പരുക്കേറ്റു. മത്തായി മാത്യു എന്ന 80 കാരനെയും  പുലർച്ചെ നായ ആക്രമിച്ചു. ആക്രമണത്തിൽ നായയുടെ പുറത്തേക്ക് വീണ മത്തായി ഭാഗ്യം കൊണ്ടാണ് കൂടുതൽ കടിയേൽക്കാതെ രക്ഷപെട്ടത്. നാട്ടുകാരായ വിനിത,ബിന്ദു എന്നിവർക്കും പരുക്കേറ്റെങ്കിലും കടിച്ചനായയെ പിടികൂടാനായിട്ടില്ല.

 4 പേർ കോട്ടയം മെഡിക്കൽ കോളജിൽ ചികിൽസതേടി.ഒരു നായ തന്നെയാണ് 5 പേരെയുംകടിച്ചതെന്നാണ് നാട്ടുകാർ പറയുന്നത്.  നായ്ക്ക് പേയ് വിഷബാധ സംശയിക്കുന്നുണ്ട്. കുട്ടികളെയടക്കം സ്കൂളിൽ വിടാൻ കഴിയാത്ത സ്ഥിതിയാണെന്നും ആശങ്കയകറ്റാൻ നടപടി വേണമെന്നാണ് നാട്ടുകാരുടെ ആവശ്യം.