അടൂരിൽ തെരുവുനായ ആക്രമണം; 10 വയസുകാരനടക്കം 8 പേർക്ക് കടിയേറ്റു

പത്തനംതിട്ട അടൂരില്‍ പത്തുവയസുകാരനടക്കം എട്ടുപേര്‍ക്ക് തെരുവുനായയുടെ കടിയേറ്റു. പത്തുവയസുകാരന്‍റെ മുഖത്തടക്കം പരുക്കേറ്റു. പെരുനാട് മാമ്പാറ ഭാഗത്ത് പേവിഷ ബാധ സംശയിക്കുന്ന രണ്ട് നായ്ക്കളെ നാട്ടുകാര്‍ പിടികൂടി.

അടൂർ വടക്കടത്തുകാവ് അന്തിച്ചിറ ഭാഗത്തുവെച്ചാണ് 8 പേർക്ക് തെരുവ് നായയുടെ കടിയേറ്റത്.  രാവിലെ നടക്കാൻ ഇറങ്ങിയ ആളുകളെയും, മറ്റു കാൽനടയാത്രക്കാരെയും ആണ് തെരുവ് നായ ആക്രമിച്ചത്. സ്കൂളിലേക്ക് പോകും വഴിയാണ് 10 വയസ്സുകാരൻ ശിവക്ക് തെരുവ് നായയുടെ കടിയേറ്റത്. കടിയേറ്റവര്‍ അടൂർ ഗവൺമെന്റ് ആശുപത്രിയിൽ ചികിത്സ തേടി.  ഗുരുതരമായി കടിയേറ്റ് തുവയൂര്‍ നോര്‍ത്ത് സ്വദേശി ബാബുചന്ദ്രനെ ആശുപത്രിയില്‍ അഡ്മിറ്റ് ചെയ്തു. മറ്റെല്ലാവര്‍ക്കും കുത്തിവയ്പ് നല്‍കി. അതേസമയം  റാന്നി പെരുനാട് ഗ്രാമപഞ്ചായത്ത് മാമ്പാറ ഭാഗത്ത്‌ കഴിഞ്ഞ ദിവസങ്ങളിൽ നാട്ടുകാരെ വിറപ്പിച്ച രണ്ട് നായ്ക്കളെ നാട്ടുകാർ പിടികൂടി. പേവിഷ ബാധ സംശയിക്കുന്നുണ്ട്. ഈ നായ്ക്കളുടെ ആക്രമണം ഏറ്റ ഒരു പശുവും ആടും

ചത്തിരുന്നു. പേപ്പട്ടിശല്യത്തെ പറ്റി ജില്ലാ കലക്ടർ ഉൾപ്പെടെയുള്ളവർക്ക് പരാതി കൊടുത്തിട്ടും നടപടി ഉണ്ടാകാത്ത സാഹചര്യത്തിലാണ് നാട്ടുകാരുടെ പരാതിയെ തുടർന്ന് വാർഡ് മെമ്പർ അരുൺ അനിരുദ്ധൻ, സമീപവാസിയായ സന്ദീപ് തുടങ്ങിയവർ ചേർന്ന് നായയെ പിടികൂടിയത്. പെരുനാട്ടിൽ അഭിരാമി എന്ന പെൺകുട്ടിയെ പേപ്പട്ടി കടിച്ച് മരണപ്പെട്ടിട്ടും പേപ്പട്ടികളെ പിടികൂടാൻ സർക്കാർ സംവിധാനങ്ങളോ പഞ്ചായത്തോ ഇടപെട്ടില്ലെന്ന് നാട്ടുകാർ ആരോപിക്കുന്നു. പട്ടിയെ പിടികൂടിയവര്‍ക്ക് പഞ്ചായത്ത് പണം നല്‍കാന്‍ പ്രസിഡന്‍റ് തയാറായില്ലെന്നും നാട്ടുകാര്‍ ആരോപിക്കുന്നു.