രാഹുലിനായി ലുക്ക് ഔട്ട് നോട്ടിസ്; അന്വേഷണം ഫറോക്ക് എ.സി.പി ഏറ്റെടുത്തു

Pantheerankavu-case
SHARE

കോഴിക്കോട് പന്തീരാങ്കാവില്‍ നവവധുവിന് മര്‍ദനമേറ്റ കേസില്‍ പ്രതി രാഹുലിനായി ലുക്ക് ഔട്ട് നോട്ടിസ് പുറത്തിറക്കി. രാഹുല്‍ വിദേശത്തേക്ക് കടക്കാതിരിക്കാന്‍ വേണ്ടിയാണ് വിമാനത്താവളങ്ങളില്‍ ലുക്കൗട്ട് നോട്ടിസ് ഇറക്കിയത്. കേസിന്റെ അന്വേഷണം ഫറോക്ക് എ.സി.പി ഏറ്റെടുത്തു. കമ്മിഷണറുടെ നിര്‍ദേശപ്രകാരമാണ് നടപടി. അന്വേഷണസംഘം ഇന്ന് പറവൂരിലെത്തി പെണ്‍കുട്ടിയുെട മൊഴിയെടുക്കും.

‘രാഹുല്‍ ഫ്രോഡ്; നേരത്തെ രണ്ട് വിവാഹനിശ്ചയം കഴിഞ്ഞിരുന്നു’

പന്തീരാങ്കാവ് ഗാർഹിക പീഡനക്കേസിലെ പ്രതി രാഹുല്‍ ഫ്രോഡെന്ന് വധുവിന്റെ പിതാവ്. രാഹുല്‍ വിവാഹത്തട്ടിപ്പ് നടത്തി. രാഹുലിന്റെ രണ്ട് വിവാഹനിശ്ചയം കഴിഞ്ഞിരുന്നു. കുഴപ്പക്കാരനെന്ന് തിരിച്ചറിഞ്ഞ്  അവര്‍ പിന്‍മാറിയതാണെന്ന് പിന്നീടറിഞ്ഞെന്നും പിതാവ് ആരോപിച്ചു.  രാഹുല്‍ മുങ്ങിയത് പൊലീസ് ഒത്താശയോടെയാണ്. പൊലീസിൽ വിശ്വാസമില്ല. സിഐയെ എത്രയുംവേഗം മാറ്റണം. ജര്‍മനിക്ക് കടക്കാന്‍ രാഹുലിന്  പൊലീസ് ഒത്താശ ചെയ്തു. പീഡനക്കേസില്‍  രാഹുലിന്‍റെ അമ്മയ്ക്കും സഹോദരിക്കും എതിരെ  കേസെടുക്കണം. രാഹുലിന്‍റെ അമ്മ പറയുന്നത് പച്ചക്കള്ളമാണ്. കയ്യോങ്ങിയത് മാത്രമെങ്കില്‍ പരുക്കുകള്‍ എങ്ങനെ ഉണ്ടാകും. പെണ്‍കുട്ടിയുടെ ഗുരുതര പരുക്കിന് 26 സാക്ഷികളുണ്ട് എന്നും പിതാവ് മനോരമ ന്യൂസിനോട് പറഞ്ഞു. 

അതേസമയം, പെണ്‍കുട്ടിയെ രാഹുൽ ഗുരുതരമായി  മർദിച്ചിട്ടില്ലെന്ന് രാഹുലിന്റെ  അമ്മ പ്രതികരിച്ചു. രാഹുല്‍ ഇന്നലെ ഉച്ചയ്ക്കുശേഷം വീട്ടില്‍ നിന്നുപോയി. ഫോണ്‍ സ്വിച്ച് ഓഫ് ആണ്. സ്ത്രീധനം ചോദിച്ചിട്ടില്ലെന്നും കോട്ടയത്തെ വിവാഹാലോചന ഒഴിവായത് മറ്റു കാരണങ്ങൾ കൊണ്ടെന്നും രാഹുലിന്റെ അമ്മ മനോരമ ന്യൂസിനോട് പറഞ്ഞു.

പന്തീരങ്കാവില്‍ നവവധുവിന് മര്‍ദനമേറ്റ കേസില്‍ മനുഷ്യാവകാശ കമ്മിഷന്‍ സ്വമേധയാ കേസെടുത്തു . കേസെടുക്കാന്‍ പൊലീസ്  വിമുഖത കാണിച്ചെന്ന പരാതിയിലാണ് കേസ് . കോഴിക്കോട് കമ്മിഷണറോട് റിപ്പോര്‍ട്ട് തേടി. രാഹുലിനെതിരെ പൊലീസ് നേരത്തെ വധശ്രമത്തിന് കേസെടുത്തിരുന്നു. സ്ത്രീധനത്തിന്‍റെ പേരില്‍ പന്തീരങ്കാവ് സ്വദേശിയായ രാഹുല്‍ കൊല്ലാനാണ് ശ്രമിച്ചതെന്ന് മര്‍ദനത്തിനിരയായ പെണ്‍കുട്ടി ഇന്നലെ വെളിപ്പെടുത്തിയിരുന്നു. കൊലവിളിച്ചുള്ള ക്രൂരമർദനം പൊലീസ് ലാഘവത്തോടെ കൈകാര്യം ചെയ്തെന്നും വധശ്രമം നടന്നുവന്ന തന്റെ മൊഴി പരിഗണിച്ചില്ലെന്നും ചൂണ്ടിക്കാട്ടി മുഖ്യമന്ത്രിക്കും വനിതാ കമ്മീഷനും പരാതി നൽകിയിരുന്നു.

സ്ത്രീധനത്തിന്‍റെ പേരിൽ വിവാഹത്തിന്‍റെ ഏഴാംനാൾ രാത്രിയിൽ വടക്കൻ പറവൂർ സ്വദേശിനിയായ യുവതിക്ക് ഏൽക്കേണ്ടി വന്നത് അതിക്രൂരമർദനമാണ്. ഞായർ പുലർച്ചെ കഴുത്തിൽ കേബിൾ മുറുക്കി കൊല്ലാൻ ആയിരുന്നു ശ്രമം. കേസ് ഒത്തുതീർക്കാനാണ് പൊലീസ് ശ്രമിച്ചത്. ആക്രമണത്തെ നിസാരവൽക്കരിച്ചുവെന്നും യുവതി മനോരമ ന്യൂസിനോട് വെളിപ്പെടുത്തി.

മകൾ മാനസികമായും ശാരീരികമായും തകർന്ന അവസ്ഥയിലെന്നും ഭർതൃമാതാവ് മകളോട് സ്ത്രീധനത്തിന്‍റെ പേരിൽ വിരോധം കാണിച്ചിരുന്നുവെന്നും യുവതിയുടെ അമ്മയും തുറന്നു പറഞ്ഞിരുന്നു. പ്രതിയോട് പൊലീസ് സൗഹാര്‍ദപരമായാണ് പെരുമാറിയതെന്നും ഒത്തുതീര്‍പ്പിന് വഴങ്ങാതെ വന്നതോടെ സ്റ്റേഷനിലെ മുറിയില്‍ നിന്നും പുറത്തിറക്കി വാതിലടച്ചുവെന്നും അവര്‍ ആരോപിച്ചു. മൊബൈല്‍ ചാര്‍ജര്‍ കഴുത്തില്‍ കുരുക്കി കൊല്ലുമെന്നായിരുന്നു പ്രതിയുടെ ആക്രോശം. തലയിലും പുറത്തും ഇടിച്ചുവെന്നും ഇടിയേറ്റ് മൂക്കില്‍ നിന്നും രക്തം വന്നുംവെന്നും പെണ്‍കുട്ടി വെളിപ്പെടുത്തി. ഇനിയൊരു ഉത്രയും വിസ്മയയും  ഉണ്ടാവരുതെന്ന് പറഞ്ഞ തന്നോട് അതൊക്കെ മാധ്യമസൃഷ്ടിയാണെന്നും നിയമം പഠിപ്പിക്കേണ്ടെന്നും സി.ഐ മറുപടി നല്‍കിയതായി പെണ്‍കുട്ടിയുടെ അച്ഛന്‍ പറഞ്ഞു. 

Kozhikode domestic violence: Human Rights Commission takes case suo motu against police

MORE IN BREAKING NEWS
SHOW MORE