വനത്തിന് ചുറ്റും പരിസ്ഥിതി ലോല പ്രദേശം; സർക്കാർ ഉത്തരവ് പുറത്ത്

വനത്തിന് ചുറ്റും പരിസ്ഥിതി ലോല പ്രദേശമായി ജനവാസ മേഖലകൾ ഉൾപ്പെടെ ഒരു കിലോമീറ്റർ പ്രദേശം വിജ്ഞാപനം ചെയ്യാമെന്ന് പറയുന്ന ഒന്നാം പിണറായി സർക്കരിന്റെ  ഉത്തരവ് പുറത്ത്.  2019 ഒക്ടോബർ 31 ന് വനം വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിയാണ് ഉത്തരവിറക്കിയത്. പരിസ്ഥിതി ലോല പ്രദേശ പ്രശ്നത്തിൽ എംപി എന്ന നിലയിൽ ഇടപ്പെട്ടില്ലെന്ന വിചിത്ര വാദമുയർത്തി രാഹുൽ ഗാന്ധിയുടെ വയനാട്ടിലെ ഓഫീസ് ഇന്നലെ എസ്.എഫ്.ഐ പ്രവർത്തകർ ആക്രമിക്കുകയും തല്ലിതകർക്കുകയുമായിരുന്നു. സംഭവം വലിയ വിമർശനത്തിന് ഇടയാക്കിയിരിക്കുന്നതിനിടെയാണ് 2019 ൽ സംരക്ഷിത വനപ്രദേശങ്ങൾക്ക് ചുറ്റും ഒരു കിലോമീറ്റർ വരെ പരിസ്ഥിതി ലോലമായി പ്രഖ്യാപിക്കാൻ സംസ്ഥാന സർക്കാർ പുറപ്പെടുവിച്ച ഉത്തരവ് പുറത്തു വരുന്നത്. സംരക്ഷിത പ്രദേശങ്ങൾക്ക് ചുറ്റുമുള്ള പൂജ്യം മുതൽ ഒരുക്കിലോ മീറ്റർ വരെ ,മനുഷ്യവാസ കേന്ദ്രങ്ങൾ ഉൾപ്പെടെ, ഇക്കോ സെൻസിറ്റിവ് സോൺ ആയി നിശ്ചയിക്കാമെന്നും ഇതിനുള്ള കരട് വിജ്ഞാപന നിർദേശങ്ങൾ തയ്യാറാക്കണമെന്നും ഉത്തരവ് പറയുന്നു. 

വനം വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ഉത്തരവിറക്കിയത് 2019 ഒക്ടോബർ 30 ന് ആണ്. ഒക്ടോബർ 23ന് ചേർന്ന മന്ത്രിസഭ സംസ്ഥാനത്തെ പ്രകൃതി ദുരന്തങ്ങളുടെ പശ്ചാത്തലത്തിൽ വനത്തിനു ചുറ്റും ഒരു കിലോമീറ്റർ പരിസ്ഥിതി ലോല പ്രദേശമാക്കാമെന്ന് തീരുമാനിച്ചിരുന്നു. ഈ തീരുമാനം ദുരന്തനിവാരണ നിയമം അനുസരിച്ചാണെന്ന് വനം മന്ത്രി എ.കെ.ശശീന്ദ്രൻ ആവർത്തിച്ച് ന്യായീകരിച്ചിരുന്നു. എന്നാൽ വനം സെകട്ടറി കേന്ദ്ര സർക്കാരിൻ്റെയും സുപ്രിം കോടതിയുടെയും വിദഗ്ധ സമിതികളുടെയും നിർദേശങ്ങൾ കണക്കിലെടുത്താണ് ഉത്തരവിറക്കിയിരിക്കുന്നത്. ഇപ്പോൾ ഒരു കിലോമീറ്റർ പരിസ്ഥിതിലോലമാക്കണമെന്ന സുപ്രിം കോടതി നിർദേശത്തെ സംസ്ഥാനം എതിർക്കുന്നത് 2019ലെ തീരുമാനം മൂടിവെച്ചു കൊണ്ടാണ്. ഈ ഉത്തരവ് കേരളം പരിസ്ഥിതി ലോല മേഖലക്കെതിരെ ഇപ്പോഴുയർത്തുന്ന വാദങ്ങൾക്ക് തിരിച്ചടിയാകുമെന്ന ആശങ്കയും ഉയർന്നിട്ടുണ്ട്.