പോപ്പുലർ ഫ്രണ്ട് റാലിയിൽ വിദ്വേഷ മുദ്രാവാക്യം; രണ്ട് പേർ അറസ്റ്റിൽ

ആലപ്പുഴയിലെ പോപ്പുലർ ഫ്രണ്ട് റാലിയിൽ വിദ്വേഷ മുദ്രാവാക്യം വിളിച്ച കേസിൽ രണ്ട് പേരുടെ അറസ്റ്റ് രേഖപ്പെടുത്തി. പിഎഫ്ഐ ജില്ലാ പ്രസിഡന്റ നവാസ് വണ്ടാനം, വിദ്വേഷ മുദ്രാവാക്യം വിളിച്ചു കൊടുത്ത കുട്ടിയെ തോളിലേറ്റിയ ഈരാറ്റുപേട്ട സ്വദേശി അൻസാർ എന്നിവരാണ് അറസ്റ്റിലായത്. ഇരുവരെയും നാളെ കോടതിയിൽ ഹാജരാക്കും

ആലപ്പുഴയിലെ പോപ്പുലർ ഫ്രണ്ട് റാലിയിൽ വിദ്വേഷ മുദ്രാവാക്യം വിളിച്ച കേസിലാണ്  പോപ്പുലർ ഫ്രണ്ട്  ജില്ലാ പ്രസിഡന്റ് നവാസ് വണ്ടാനം,  ഈരാറ്റുപേട്ട സ്വദേശി അൻസാർ എന്നിവരെ കസ്റ്റഡിയിലെടുത്തത്.  മുദ്രാവാക്യം വിളിച്ച കുട്ടിയെ തോളിലേറ്റി നടന്ന  അൻസാറിന്റെ അറസ്റ്റാണ്  രേഖപ്പെടുത്തിയത് . കുട്ടിയെ മുദ്രാവാക്യം വിളിക്കാൻ പ്രേരിപ്പിച്ചത് അൻസാറാണെന്ന് പൊലീസ് പറയുന്നു.

അൻസാറിനെ കസ്റ്റഡിയിലെടുക്കാനെത്തിയ പൊലീസിനു നേരെ പോപ്പുലർ ഫ്രണ്ട് പ്രവർത്തകരുടെ പ്രതിഷേധമുണ്ടായിരുന്നു. നവാസിന്റെ അറസ്റ്റും വൈകാതെ രേഖപ്പെടുത്തുമെന്നാണ് അറിയുന്നത്. ഡിജിറ്റൽ തെളിവുകളടക്കം പരിശോധിച്ച ശേഷമാണ് വിദ്വേഷ മുദ്രാവാക്യത്തിൽ പൊലീസ് കേസെടുത്തത്. അഭിഭാഷക പരിഷത്ത് നൽകിയ പരാതിയിലാണ് നടപടി. പോപ്പുലർ ഫ്രണ്ട് ജില്ലാ പ്രസിഡന്റിനെയും സെക്രട്ടറിയെയും റാലിയുടെ സംഘാടകർ എന്ന നിലയിലാണ് കേസിൽ പ്രതിചേർത്തത്. മുദ്രാവാക്യം വിളിച്ച കുട്ടിയെ തിരിച്ചറിഞ്ഞ ശേഷം മാതാപിതാക്കളെയും ചോദ്യം ചെയ്യാനാണ് പൊലീസ് നീക്കം

മതസ്പർദ്ധ വളർത്താൻ ശ്രമിച്ചതിനാണ് കേസെടുത്തത് ഗൂഡാലോചന നടന്നിട്ടുണ്ടോ എന്നതും പൊലീസ് പരിശോധിക്കുന്നു. നേതാക്കളെ കസ്റ്റഡിയിൽ എടുത്തതിൽ പ്രതിഷേധിച്ച് ആലപ്പുഴയിൽ പോപ്പുലർ ഫ്രണ്ട് പ്രവർത്തകർ പ്രകടനം നടത്തി. ആലപ്പുഴ സമ്മേളനത്തിനിടെ ഉണ്ടായ കുട്ടിയുടെ വിദ്വേഷ മുദ്രാവാക്യത്തെ അംഗീ കരിക്കുന്നില്ലെന്ന്  പോപ്പുലർ ഫ്രണ്ട് നേതാക്കൾ വിശദീകരിച്ചു

അതേസമയം, പിണറായി ഭരണത്തില്‍  കേരളം വര്‍ഗീയതയുടെ വിളനിലമാകുന്നുവെന്ന് കേന്ദ്രമന്ത്രി വി.മുരളീധരന്‍ ട്വീറ്റ് ചെയ്തു