ബെന്നിച്ചന്‍ തോമസിന്റെ സസ്പെൻഷൻ; വിശദീകരണം തേടി കേന്ദ്രം

മുല്ലപെരിയാർ മരം മുറി പ്രശ്നത്തിൽ ചീഫ് വൈൽഡ് ലൈഫ് വാർഡനെ സംസ്ഥാന സർക്കാർ സസ്പെൻഡ് ചെയ്തതിൽ കേന്ദ്ര സർക്കാർ വിശദീകരണം ചോദിച്ചു. കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയത്തിലെ ഇൻസ്പെക്ടർ ജനറൽ ഒഫ് ഫോറസ്‌റ്റ്‌ എ.കെ. മൊഹന്തി വിശദീകരണം ആവശ്യപ്പെട്ട്ചീഫ് സെക്രട്ടറി വി.പി. ജോയ്ക്ക് കത്തയച്ചു. ഒാള്‍ ഇന്ത്യ സര്‍വീസ് ഉദ്യോഗസ്ഥനെ സസ്പെന്‍ഡ് ചെയ്ത് 48 മണിക്കൂറിനകം കേന്ദ്രത്തെ അറിയിക്കണം എന്നാണ് ചട്ടം അനുശാസിക്കുന്നത്. 

ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ സ്ഥാനത്തുനിന്ന് ബെന്നിച്ചന്‍ തോമസിനെ  സസ്‌പെൻഡ് ചെയ്തത് മാധ്യമ വാർത്തകളിൽ നിന്നാണ് അറിഞ്ഞതെന്ന് ഇൻസ്പെക്ടർ ജനറൽ ഒഫ് ഫോറസ്‌റ്റ് എ.കെ. മോഹന്തിയുടെ കത്ത് പറയുന്നു. ഐ.എഫ്.എസ് ഉദ്യോഗസ്ഥരുടെ നിയന്ത്രണ ഏജൻസിയായ വനം പരിസ്ഥിതി മന്ത്രാലയത്തിന് ഇന്ത്യന്‍ ഫോറസ്റ്റ് സര്‍വീസിലെ മുതിര്‍ന്ന ഉദ്യോഗസ്ഥനെതിരെ എന്തിന് നടപടി എടുത്തു എന്നതിന്റെ കാരണങ്ങൾ അറിയില്ലെന്നും എ.കെ. മോഹന്തിയുടെ കത്ത്  വ്യക്തമാക്കുന്നു. ഇത് സംബന്ധിച്ച എല്ലാ വിവരങ്ങളും രേഖകളും കൈമാറാനാണ് കേന്ദ്ര മന്ത്രാലയത്തിന്റെ നിർദേശം. 

ബെന്നിച്ചന്‍ തോമസിന്റെ സസ്പെൻഷൻ , അതിലേക്ക് നയിച്ച കാര്യങ്ങൾ എന്നിവ സംബന്ധിച്ച് കേന്ദ്ര , സംസ്ഥാന സർക്കാരുകൾ വ്യത്യസ്ത നിലപാടിലാണെന്ന് ഇതോടെ വ്യക്തമായി. സസ്പെൻഷൻ ഉത്തരവിറങ്ങി 48 മണിക്കൂറിനകം കേന്ദ്ര സർക്കാരിനെ അറിയിക്കണം, 15 ദിവസത്തിനകം വിശദാംശങ്ങൾ കൈമാറണം എന്നിവ All India സർവീസ് ചട്ടങ്ങളിൽ വ്യക്തമാക്കിയിട്ടുണ്ട്. ഇത് പാലിക്കപ്പെട്ടിട്ടില്ല. 30 ദിവസത്തിനപ്പുറം സസ്പെന്‍ഷന്‍ നീട്ടാന്‍ കേന്ദ്ര അനുമതി ആവശ്യമാണ്. നവംബര്‍ 11 നാണ് ബെന്നിച്ചന്‍തോമസിനെ സസ്പെന്‍ഡ് ചെയ്തത്. മുല്ലപ്പെരിയാറിലെ ബേബിഡാമിന് സമീപത്തെ 15 മരങ്ങള്‍ മുറിക്കാനുള്ള തീരുമാനം മന്ത്രിമാരെ അറിയിക്കാതെ കൈക്കൊണ്ടു. ഉത്തരവിറക്കിയത് സംസ്ഥാന താല്‍പര്യത്തിന് എതിരായാണ് എന്നിവ കാണിച്ചായിരുന്നു സസ്പെന്‍ഷന്‍.