'മരങ്ങൾ മുറിച്ചത് നിയമവിധേയമായി'; ആവർത്തിച്ച് പ്രതികൾ

റിസര്‍വ് ചെയ്ത രാജകീയ മരങ്ങള്‍ മുറിച്ചത് നിയമവിധേയമായി തന്നെയെന്ന് ചോദ്യംചെയ്യലില്‍ ആവര്‍ത്തിച്ച് മുട്ടില്‍ മരംമുറിക്കേസ് പ്രതികള്‍. പ്രത്യേക അന്വേഷണസംഘത്തിന്റെ പക്കലുള്ള പ്രതികളുടെ കസ്റ്റഡി കാലാവധി ഇന്ന് അവസാനിക്കും. പ്രതികളെ ഉടന്‍ കസ്റ്റഡിയില്‍ വാങ്ങാനാണ് കേസ് പുറത്തുകൊണ്ടുവന്ന വനംവകുപ്പ് സംഘത്തിന്റെ ശ്രമം.

സര്‍ക്കാര്‍ ഉത്തരവിന്‍ പ്രകാരമാണ് സ്വന്തം ഭൂമിയിലെയും സമീപത്തെയും ഈട്ടിമരങ്ങള്‍ മുറിച്ചതെന്നും രേഖകളില്‍ കൃത്രിമം കാണിച്ചിട്ടില്ലെന്നുമുള്ള വാദത്തില്‍ ഉറച്ചുനില്‍ക്കുകയാണ് പ്രതികള്‍. എല്ലാത്തിനും തെളിവുണ്ടെന്നും രണ്ടുദിവസം നടന്ന വിശദമായ ചോദ്യംചെയ്യലില്‍ പ്രതികള്‍ ആവര്‍ത്തിച്ചു. ക്രൈംബ്രാഞ്ച് എസ്.പിയുടെ നേതൃത്വത്തില്‍ പ്രതികളായ അഗസ്റ്റിന്‍ സഹോദരങ്ങളെ പ്രത്യേകം പ്രത്യേകം ചോദ്യംചെയ്തു. 42 കേസുകളിലായി മോഷണം, വ്യാജരേഖ ചമയ്ക്കല്‍, വഞ്ചന ഉള്‍പ്പടെയുള്ള കുറ്റങ്ങളാണ് ചുമത്തിയിട്ടുള്ളത്. അഗസ്റ്റിന്‍ സഹോദരങ്ങള്‍ ഉള്‍പ്പടെ ആറ് പേര്‍ ഇതുവരെ കേസില്‍ അറസ്റ്റിലായി. മരംമുറി നടന്ന മുട്ടില്‍ സൗത്ത് വില്ലേജിലെ സ്വര്‍ഗംകുന്ന്, കുപ്പാടി എന്നിവടങ്ങളില്‍ പ്രതികളെ ഇന്നലെ എത്തിച്ച് തെളിവെടുത്തിരുന്നു. പ്രത്യേക അന്വേഷണസംഘത്തിന്റെ കസ്റ്റഡി കാലാവധി ഇന്ന് അവസാനിക്കുന്നതോടെ പ്രതികള്‍ക്കായി വനംവകുപ്പ് കോടതിയെ സമീപിക്കും.

കേസ് പുറത്തുകൊണ്ടുവന്ന വനംവകുപ്പ് സംഘത്തിന്റെ അന്വേഷണത്തിലും ചോദ്യംചെയ്യലിലും കൂടുതല്‍ വിവരങ്ങള്‍ പുറത്തുവരുമെന്നാണ് കരുതുന്നത്. ജൈവവൈവിധ്യ ിയമം ഉള്‍പ്പടെയുള്ള ശക്തമായ വകുപ്പുകള്‍ വനംവകുപ്പ് ചുമത്തിയിട്ടുണ്ട്.