തുടരെ ഇല കൊഴിയുന്നു; പരിശോധനയിൽ 23 ദ്വാരങ്ങൾ; തകരയെ തകർക്കാൻ ‘വിഷം’

കുന്നന്താനം: പഞ്ചായത്തിലെ പാലയ്ക്കാത്തകിടി കവലയിൽ ഒരുനൂറ്റാണ്ടിലേറെയായി തണലേകിയിരുന്ന കരിംതകര മരം ഉണക്കാൻ സാമൂഹികവിരുദ്ധരുടെ ശ്രമം.സംഭവത്തിൽ നാട്ടുകാരുടെ പ്രതിഷേധം. 5 സെന്റിലേറെ വിസ്തൃതിയിൽ തണൽ നൽകിയിരുന്ന മരമാണിത്. ഓട്ടോറിക്ഷകൾ പാർക്ക് ചെയ്യുന്നതും ഇവിടെയാണ്. വിവിധയിടങ്ങളിലേക്ക് ബസ് കാത്ത് യാത്രക്കാർ നിന്നിരുന്നതും മരത്തിന്റെ തണലിലാണ്. മരച്ചുവട്ടിൽ വർഷങ്ങൾക്കു മുൻപുവരെ നാട്ടുക്കൂട്ടങ്ങൾ നടന്നിരുന്നുവെന്നും പഴമക്കാർ പറയുന്നു. 

വിവിധ തിരഞ്ഞെടുപ്പുകളിൽ രാഷ്ട്രീയപ്പാർട്ടികൾ വേദിയാക്കിയിരുന്നതും തകരമരത്തിന്റെ തണലിലാണ്. എന്നാൽ, ഇപ്പോൾ മരം ഇല്ലായ്മ ചെയ്യാൻ സാമൂഹികവിരുദ്ധർ നടത്തുന്ന ശ്രമമാണ് കവലയുടെ തണൽ നഷ്ടമാകുന്നത്. കഴിഞ്ഞദിവസം മുതൽ ഇലകൾ കൊഴിയാൻ തുടങ്ങി. ഇടതൂർന്ന് പന്തലിച്ചിരുന്ന ഇലകൾ കൊഴിഞ്ഞതോടെ അനുദിനം ശിഖരങ്ങൾ മാത്രമായി അവശേഷിച്ചുകൊണ്ടിരിക്കുന്നു. സാധാരണയിൽ കവിഞ്ഞും ഇലപൊഴിക്കുന്നതിനെ തുടർന്ന് നാട്ടുകാർ നടത്തിയ അന്വേഷണത്തിലാണ് മരം ഉണക്കുന്നതിനുള്ള ശ്രമം നടത്തിയതായി കണ്ടെത്തിയത്. മരച്ചുവട്ടിൽ രാസവസ്തു ഒഴി‍ച്ച് ഉണക്കുന്നതിനുള്ള ശ്രമമാണ് നടത്തിയിട്ടുള്ളത്. 

മരത്തിൽ ദ്വാരങ്ങളുണ്ടാക്കി ഇതിനുള്ളിലാണ് ലോഹലായനി ഒഴിച്ചത്. മരച്ചുവട്ടിൽ നടത്തിയ പ്രതിഷേധസമരം പഞ്ചായത്ത് പ്രസിഡന്റ് ശ്രീദേവി സതീഷ്ബാബു ഉദ്ഘാടനം ചെയ്തു.എസ്.വി. സുബിൻ അധ്യക്ഷത വഹിച്ചു.എം.ബി. ദിലീപ്കുമാർ, പഞ്ചായത്ത് അംഗങ്ങളായ വി.എസ്. ഈശ്വരി, വി.പി. രാധാമണിയമ്മ, ഗിരീഷ്കുമാർ, സിഡ‍ിഎസ് ചെയർപേഴ്സൻ രഞ്ജിനി അജിത്, വിവിധ രാഷ്ട്രീയപാർട്ടി പ്രതിനിധികളായ രാജു സനുകുമാർ, കെ.ആർ. മുരളീധരൻ, പി.എം. ജേക്കബ്, രജനി ഷിബുരാജ്, ജോൺ വിൻസെന്റ് എന്നിവർ പ്രസംഗിച്ചു.

മരത്തിൽ വൃക്ഷചികിത്സകൻ കണ്ടത് കൊല്ലാൻ തുരന്ന 23 ദ്വാരങ്ങൾ

മരം പുനരുജ്ജീവിപ്പിക്കുന്നതിനുള്ള നടപടിയും തുടങ്ങി. പരിസ്ഥിതി പ്രവർത്തകനും വൃക്ഷ ചികിത്സകനുമായ കെ. ബിനു സ്ഥലത്തെത്തി പരിശോധന നടത്തി. 7 സെന്റിമീറ്റർ ആഴത്തിലുള്ള 23 ദ്വാരങ്ങളാണ് മരത്തിൽ നിർമിച്ചത്. ദ്വാരങ്ങളിൽനിന്ന് ലോഹാംശം ഒപ്പിയെടുത്തശേഷം ചികിത്സാവിധികളും നൽകിയാണ് വൃക്ഷചികിത്സകൻ മടങ്ങിയത്.