മുട്ടില്‍ മരംമുറിക്കേസ്; ധര്‍മടം ബന്ധത്തിന് തെളിവായി ഫോണ്‍ രേഖകള്‍

വിവാദമായ മുട്ടില്‍മരം മുറിക്കേസില്‍ പ്രതിപക്ഷ നേതാവ് ആരോപിച്ച ധര്‍മടം ബന്ധത്തിന് തെളിവായി ഫോണ്‍ രേഖകള്‍. ആരോപണവിധേയനായ  െഎ.എഫ്.എസ് ഉദ്യോഗസ്ഥനും പ്രതികളും മാധ്യമപ്രവര്‍ത്തകനായ ദീപക് ധര്‍മ്മടവും നിരവധി തവണ സംസാരിച്ചതായാണ രേഖകള്‍. .  അന്വേഷണ ഉദ്യോഗസ്ഥനെ കുടുക്കാന്‍ ഇവര്‍ ഒത്തുേചര്‍ന്ന് ഗൂഢാലോചന നടത്തിയതായി നേരത്തെ തന്നെ അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു 

മുട്ടില്‍ കേസിലെ പ്രതികള്‍ ഉള്‍പ്പെട്ട മരം മുറി മറച്ചുവയ്ക്കാനാണ് ഡിഎഫ്ഒ  എന്‍.ടി സാജന്‍  മണിക്കുന്ന് മലയിലെ മരംമുറി അന്വേഷിച്ചെന്നാണ് അ‍ഡീഷണല്‍ പി.സി.സി എഫ് രാജേഷ് രവീന്ദ്രന്‍ നല്‍കിയെ റിപ്പോര്‍ട്ടിലെ കണ്ടെത്തല്‍. പ്രതികളായ ആന്റോ അഗസ്റ്റിന്‍, റോജി അഗസ്റ്റിന്‍ എന്നിവരും കോഴിക്കോട്ടെ മാധ്യമപ്രവര്‍ത്തകനായ ദീപക് ധര്‍മടവും ചേര്‍ന്നാണ് മേപ്പാടി റേഞ്ച് ഒാഫീസറായ സമീറിനെ കുടുക്കാന്‍ നീക്കം നടത്തിയതെന്നും റിപ്പോര്‍ട്ടിലുണ്ട്. ഇതിന്റ കൂടുതല്‍ തെളിവുകളാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്. ഫെബ്രുവരി 15ന് എന്‍.ടി സാജന്‍, 12 തവണയായി ഒരു മണിക്കൂറോളം ആന്റോ അഗസ്റ്റിനുമായി സംസാരിച്ചിരുന്നു. ദീപക് ധര്‍മടം,  പ്രതികളായ സഹോദരന്‍മാരുമായി ഫെബ്രുവരി ഒന്ന് മുതല്‍ 31 വരെ 119 തവണ സംസാരിച്ചതായും  ഫോണ്‍ രേഖകള്‍ വ്യക്തമാക്കുന്നുണ്ട്. ദീപക്കാണ് ആന്റോയോയും റോജിയേയും എന്‍.ടി സാജനുമായി ബന്ധപ്പെടുത്തിയതെന്നാണ് സൂചന. മണിക്കുന്ന് മലയിലെ മരംമുറിയില്‍ കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് ഫെബ്രുവരി പത്തിന് ദീപക് കോഴിക്കോട് ഫ്ലയിങ് സ്ക്വാഡ് ഡി.എഫ്.ഒയെ ബന്ധപ്പെട്ടിരുന്നു. ഇതേദിവസം ആന്റോ അഗസ്റ്റിന്‍ അഞ്ച് തവണ മാധ്യമപ്രവര്‍ത്തകനെ ബന്ധപ്പെട്ടതായും  തെളിവുകളുണ്ട്. അതേസമയം, കേസ് അന്വേഷിക്കുന്നവര്‍ ശുപാര്‍ശ ചെയ്താല്‍ നടപടിയെന്ന നിലപാടിലാണ് വനംമന്ത്രി എ.കെ.ശശീന്ദ്രന്‍

പ്രതിപക്ഷത്തിന് എന്ത് ആരോപണങ്ങളും ഉന്നയിക്കാമെന്നും അത് സര്‍ക്കാരിന് നോക്കേണ്ട ആവശ്യമില്ലെന്നും ശശീന്ദ്രന്‍ കോഴിക്കോട് പറഞ്ഞു. അതേസമയം മാധ്യമപ്രവര്‍ത്തകന് മുഖ്യമന്ത്രിയുള്‍പ്പെടെ ഉന്നതരുമായുള്ള ബന്ധവും പ്രതിപക്ഷം ചൂണ്ടിക്കാണിക്കുന്നു. ആരോപണവിധേയനായിരിക്കെത്തന്നെ ഓണദിവസം മുഖ്യമന്ത്രിയുമായുള്ള ചിത്രം സമൂഹമാധ്യമത്തില്‍ പ്രചരിപ്പിച്ചത് അന്വേഷണത്തെ സ്വാധീനിക്കാനാണെന്നും ആരോപണമുണ്ട്.