ajin-bribery-case-reaction

TOPICS COVERED

  • താൻ പണം ആവശ്യപ്പെട്ടിട്ടില്ലെന്നും സർക്കാർ പുറമ്പോക്ക് ഭൂമിയിലെ അനധികൃത നിർമാണത്തിനെതിരെ സ്റ്റോപ്പ് മെമ്മോ കൊടുത്തതിലുള്ള വൈരാഗ്യം തീർക്കാൻ എഡിറ്റ് ചെയ്ത വിഡിയോയാണ് പ്രചരിപ്പിക്കുന്നതെന്നും അജിൻ.

തിരുവനന്തപുരം കോർപ്പറേഷനിലെ സിപിഎം കൗൺസിലർ പത്തുലക്ഷം രൂപ കൈക്കൂലി ആവശ്യപ്പെട്ടെന്ന് പരാതി. തൃക്കണ്ണാപുരം കൗൺസിലർ അജിനെതിരെയാണ് ആരോപണം. വാർഡിൽ സ്ഥലം വാങ്ങിയ ആളോട് കൈക്കൂലി ആവശ്യപ്പെട്ടെന്നും പണം നൽകിയില്ലെങ്കിൽ ഭൂമിയിൽ കൊടി കുത്തുമെന്ന് ഭീഷണിപ്പെടുത്തിയെന്നുമാണ് ആരോപണം.

Also Read: ‘പാർട്ടിക്കുള്ളിൽ എന്ത് പ്രശ്നങ്ങളുണ്ടായാലും തന്നെ പ്രതിയാക്കാൻ ചിലർ ശ്രമിക്കുന്നു’

പേയാട് സ്വദേശി സഞ്ജുവിന്റെ 19 സെന്റ് ഭൂമിയുമായി ബന്ധപ്പെട്ട്  ഇയാൾ കൈക്കൂലി ചോദിച്ചെന്നാണ് പരാതി. പണം നൽകിയില്ലെങ്കിൽ ഡിവൈഎഫ്ഐക്കാരെ കൊണ്ട് വസ്തുവിൽ കൊടികുത്തിക്കുമെന്ന് അജിൻ ഭീഷണിപ്പെടുത്തിയെന്നും ആരോപണമുണ്ട്. ദൃശ്യങ്ങളും ഫോൺ സംഭാഷണത്തിന്‍റെ ശബ്ദരേഖയും പുറത്തുവന്നിട്ടുണ്ട്.

എന്നാൽ പണം ആവശ്യപ്പെട്ടിട്ടില്ലെന്നും വിഡിയോ വ്യാജമാണെന്നും അജിൻ പറഞ്ഞു. പുറമ്പോക്ക് ഭൂമിയിലെ നിർമാണത്തിനെതിരെ നടപടി സ്വീകരിച്ചതിലുള്ള പ്രതികാരമാണ് ഈ ആരോപണമെന്നും അജിൻ പറഞ്ഞു. ഇപ്പോൾ പുറത്തുവന്ന വിഡിയോ നാലഞ്ച് മാസം മുൻപുള്ളതാണെന്നും പണം ചോദിച്ചിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ഒരു ലക്ഷം രൂപ എന്ന് പറയുന്ന ഭാഗത്ത് എഡിറ്റിങ് നടന്നിട്ടുണ്ടെന്നും അജിൻ മനോരമ ന്യൂസിനോട് പറഞ്ഞു. സർക്കാർ പുറമ്പോക്ക് ഭൂമിയിൽ നിർമാണം നടത്തിയതിന് കോർപ്പറേഷൻ സ്റ്റോപ്പ് മെമ്മോ നൽകിയിട്ടുണ്ട്. സർക്കാർ ഭൂമി നഷ്ടപ്പെട്ടുപോകാതിരിക്കാൻ കോടതിയെ സമീപിക്കാൻ തീരുമാനിച്ചിട്ടുണ്ടെന്നും അജിൻ പറഞ്ഞു.

Also Read: 'മെയിന്‍ പൈലറ്റിനെ കുത്തിയത് പോലെ ഒരു പത്രസമ്മേളനം'! അടൂര്‍പ്രകാശിനെതിരെ ബിആര്‍എം ഷഫീര്‍

പത്തുലക്ഷം രൂപ തരണമെന്നും അല്ലെങ്കിൽ പുറമ്പോക്ക് ഭൂമി കയ്യേറിയെന്ന് വില്ലേജിനെയും പൊലീസിനെയും അറിയിക്കുമെന്നും അജിൻ ഭീഷണിപ്പെടുത്തിയതായി സഞ്ജു മനോരമ ന്യൂസിനോട് പറഞ്ഞു. അജിനെ പിണക്കി ജീവിക്കാൻ സാധിക്കില്ലെന്നും അഞ്ചുലക്ഷം രൂപയെങ്കിലും നൽകണമെന്നും പ്രാദേശിക സിപിഎം. നേതാക്കൾ തന്നെ വന്ന് പറഞ്ഞെന്നും സഞ്ജു ആരോപിച്ചു.

ENGLISH SUMMARY:

A bribery complaint has been raised against CPM councillor Ajin representing the Thrikkannapuram ward in Thiruvananthapuram Corporation for allegedly demanding ₹10 lakh from a property owner. Sanju, a native of Peyad, alleged that the councillor threatened to plant DYFI flags on his 19-cent land and report him for illegal government land encroachment if the bribe was not paid. However, Councillor Ajin refuted the allegations, claiming the released video and audio clips were edited and fabricated out of revenge for taking action against illegal construction on government puramboke land. Sanju also alleged that local CPM leaders intervened, advising him that he could not survive locally by annoying Ajin and pressuring him to settle for at least ₹5 lakh.