മുഖ്യമന്ത്രി വി.ഡി.സതീശനെതിരായ യുഡിഎഫ് കണ്‍വീനര്‍ അടൂര്‍ പ്രകാശിന്‍റെ പരസ്യ വിമര്‍ശനത്തില്‍ തുറന്നടിച്ച് ബിആര്‍എം ഷഫീര്‍. ഫെയ്സ്ബുക്ക് കുറിപ്പിലാണ് ഷഫീര്‍ തന്‍റെ അതൃപ്തി പരസ്യമാക്കിയത്. ഫ്ലൈ ദുബായ് വിമാനത്തില്‍ ക്യാപ്റ്റനെ സഹപൈലറ്റ് കുത്തിയത് പോലെയായിപ്പോയി ഈ വാര്‍ത്താസമ്മേളനം എന്നായിരുന്നു ഷഫീറിന്‍റെ ഉപമ. 'അതിവേഗതയിൽ ശരിയായ ദിശയിൽ പറക്കുന്ന വിമാനത്തിലെ മെയിൻ പൈലറ്റിനെ സഹ പൈലറ്റ് കൂടെയിരുന്ന് കുത്തി വിമാനം തകർക്കാൻ ശ്രമിച്ചത് പോലെ ഒരു പത്രസമ്മേളനം'- എന്നാണ് ഫെയ്സ്ബുക്ക് കുറിപ്പ്. Also Read: പ്രശ്നങ്ങൾ എഐസിസിയെ അറിയിക്കും; മുഖ്യമന്ത്രിക്കെതിരായ വിമർശനത്തിൽ ഉറച്ച് അടൂർ പ്രകാശ്
ഷഫീറിന്‍റെ കുറിപ്പിന് താഴെ കോണ്‍ഗ്രസ് അനുകൂലികളുടെ കമന്‍റുകളും നിറയുകയാണ്. അടൂര്‍ പ്രകാശിന് മന്ത്രിയാകാന്‍ പറ്റാത്തതിന്‍റെ ബുദ്ധിമുട്ടാണെന്ന് ചിലര്‍ കുറിക്കുമ്പോള്‍ ഇങ്ങനെ ന്യായീകരിക്കല്ലേ എന്ന് കമന്‍റ് ചെയ്യുന്നവരുമുണ്ട്. അടൂര്‍ പ്രകാശിന്‍റെ വാര്‍ത്താസമ്മേളനം ഒഴിവാക്കാമായിരുന്നുവെന്നും ഇങ്ങനെ കോണ്‍ഗ്രസിനെ പ്രതിരോധത്തിലാക്കുന്നത് ശരിയല്ലെന്നും ആളുകള്‍ കുറിച്ചിട്ടുണ്ട്.
അതേസമയം, വിമര്‍ശനങ്ങളില്‍ ഉറച്ച് നില്‍ക്കുന്നുവെന്നാണ് അടൂര്‍ പ്രകാശ് ഇന്നും ആവര്‍ത്തിച്ചത്. വിവരം എഐസിസിയെ ധരിപ്പിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കണ്‍വീനറായ താനൊന്നും അറിയുന്നില്ലെന്നും മാധ്യമങ്ങളിലൂടെയാണ് കാബിനറ്റ് നിയമനങ്ങള്‍ അറിഞ്ഞതെന്നുമായിരുന്നു വാര്‍ത്താസമ്മേളനത്തില്‍ അടൂര്‍പ്രകാശിന്‍റെ വെളിപ്പെടുത്തല്‍. എന്നാല്‍ മുന്നണിയില്‍ കൂടിയാലോചന ഇല്ലെന്ന അഭിപ്രായം തനിക്കില്ലെന്ന് കെ.മുരളീധരനും പാര്‍ട്ടിയില്‍ പറയേണ്ടത് പുറത്ത് പറയുന്നുവെന്ന് രാജ്മോഹന്‍ ഉണ്ണിത്താനും പ്രതികരിച്ചു. എന്നാല്‍ നിലവിലെ പ്രശ്നങ്ങള്‍ പരസ്പരം ചര്‍ച്ച ചെയ്ത് പരിഹരിക്കണമെന്നായിരുന്നു തിരുവഞ്ചൂര്‍ അഭിപ്രായപ്പെട്ടത്. 'എല്ലാവര്‍ക്കും പരിഗണനയുണ്ടാവണം. ജനങ്ങളുടെ സങ്കടം മാറ്റണം' എന്നും വലിയ പ്രതീക്ഷയോടെ ജനം അധികാരത്തിലേറ്റിയ സര്‍ക്കാരാണിതെന്നും തിരുവഞ്ചൂര്‍ പറഞ്ഞു.