തിരുവനന്തപുരം രാജ്യാന്തര വിമാനത്താവളത്തിന്‍റെ വികസനത്തിനുള്ള പാരിസ്ഥിതിക അനുമതിക്ക് സംസ്ഥാന വിദഗ്ധ വിലയിരുത്തൽ സമിതിയുടെ ശുപാർശ. നിലവിലുള്ള പാരിസ്ഥിക അനുമതി നിബന്ധനകൾക്കും പ്രത്യേക വ്യവസ്ഥകൾക്കും വിധേയമായാണ് അനുമതി നൽകാൻ ശുപാർശ ചെയ്തിരിക്കുന്നത്. അന്തിമ പാരിസ്ഥിതിക അനുമതി സംസ്ഥാന പരിസ്ഥിതി ആഘാത വിലയിരുത്തൽ അതോറിറ്റിയാണ് നൽകേണ്ടത്.
തിരുവനന്തപുരം വിമാനത്താവളത്തിന്‍റെ സമഗ്ര വികസനത്തിനുള്ള പാരിസ്ഥിതി അനുതമിയുടെ ആദ്യ ഘട്ടമാണ് പൂര്‍ത്തിയായിരിക്കുന്നത്. 8,707 കോടി രൂപ ചെലവാണ് വികസനത്തിന് പ്രതീക്ഷിക്കുന്നത്. യാത്രക്കാരെ കൈകാര്യം ചെയ്യാനുള്ള ശേഷി പ്രതിവർഷം 2.7 കോടിയായി ഉയർത്തുകയാണ് ലക്ഷ്യം . നിലവിലുള്ള 248.29 ഹെക്ടറിന് പുറമെ 6.88 ഹെക്ടർ ഭൂമി കൂടി പദ്ധതിക്കായി ആവശ്യമാണ്. ഡിജിസിഎയുടെ സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കുന്നതിനും എയർസൈഡ്, ലാൻഡ്‌സൈഡ് വികസനത്തിനുമാണ് അധിക ഭൂമി ഉപയോഗിക്കുക. പുതിയ ടെർമിനൽ കെട്ടിടങ്ങൾ, കാർഗോ കോംപ്ലക്സ്, നവീകരിച്ച ഏപ്രണുകളും ടാക്സിവേകളും ഉൾപ്പെടുന്നതാണ് വികസന പദ്ധതി. കാർഗോ കൈകാര്യം ചെയ്യാനുള്ള ശേഷിയും ഉയർത്തും. 2025 ഓഗസ്റ്റിൽ നടത്തിയ പാരിസ്ഥിതിക പൊതു തെളിവെടുപ്പിൽ ഭൂമി ഏറ്റെടുക്കൽ, കനാൽ മലിനീകരണം, മരംമുറി, പ്രാദേശിക തൊഴിൽ തുടങ്ങിയ വിഷയങ്ങളിൽ നാട്ടുകാർ ഉന്നയിച്ച ആശങ്കകളും പരിഗണിച്ചിരുന്നു . നിർമാണത്തിനിടെ ലഭിക്കുന്ന മണ്ണ് പരമാവധി പദ്ധതിപ്രദേശത്ത് തന്നെ സംഭരിച്ച് ലെവൽ ഉയർത്തും