മുന്‍മന്ത്രിയും എംഎല്‍എയുമായ ആന്‍റണി രാജു തൊണ്ടിമുതലില്‍ കൃത്രിമം കാണിച്ച കേസില്‍ കുറ്റക്കാരനെന്ന് ഒടുവില്‍ കോടതി കണ്ടെത്തിയിരിക്കുകയാണ്. 1990 ഏപ്രില്‍ നാലിനാണ് കേസിന് അടിസ്ഥാനമായ സംഭവമുണ്ടാകുന്നത്. അടിവസ്ത്രത്തില്‍ രണ്ട് പാക്കറ്റ് ലഹരിമരുന്നുമായി ഓസ്ട്രേലിയന്‍ പൗരനായ ആന്‍ഡ്രൂ സാല്‍വദോര്‍ രക്ഷിക്കുന്നതിനായാണ് അന്ന് അഭിഭാഷകനായിരുന്ന ആന്‍റണി രാജു കൃത്രിമം കാട്ടിയത്.
സാല്‍വദോറിന്‍റെ അഭിഭാഷകയുടെ ജൂനിയറായിരുന്ന ആന്‍റണി രാജു കോടതിയിലെ ക്ലര്‍ക്കിന്‍റെ സഹായത്തോടെ തൊണ്ടിമുതലായ ആ അടിവസ്ത്രം പുറത്തെത്തിച്ച് വെട്ടിത്തയ്ച്ച് ചെറുതാക്കി തിരികെ വച്ചു. അടിവസ്ത്രത്തിന്‍റെ അളവില്‍ വ്യത്യാസം വന്നതോടെ ഇത് സല്‍വദോറിന്‍റേതല്ലെന്ന വിലയിരുത്തലില്‍ ഹൈക്കോടതി പ്രതിയെ വിട്ടയച്ചു. പാകമാകാത്ത അടിവസ്ത്രമാണെന്ന വാദമാണ് സാല്‍വദോറിനെ രക്ഷിച്ചത്. പിന്നീട് മറ്റൊരു കേസില്‍ ശിക്ഷിക്കപ്പെട്ട് ജയിലില്‍ കഴിയവേ സാല്‍വദോര്‍ ഇക്കാര്യം സഹതടവുകാരനോട് വെളിപ്പെടുത്തി. ഇങ്ങനെയാണ് തൊണ്ടിമുതലിലെ തിരിമറി പുറത്തുവന്നത്. തുടര്‍ന്ന് 1994 ല്‍ കേസ് റജിസ്റ്റര്‍ ചെയ്തു.
കോടതിയില്‍ സൂക്ഷിച്ചിരുന്ന അടിവസ്ത്രത്തില്‍ കൃത്രിമം നടന്നുവെന്ന് അന്വേഷണ ഉദ്യോഗസ്ഥന്‍ പരാതി നല്‍കിയതോടെയാണ് സാല്‍വദോറിന് വേണ്ടി ഹാജരായ ആന്‍റണി രാജുവും കോടതി ജീവനക്കാരനായ ജോസും പ്രതികളായത്. തുടര്‍ന്ന് കേസന്വേഷിച്ച പൊലീസ് കോടതി ജീവനക്കാരനായ കെ.എസ്.ജോസിനെ ഒന്നാം പ്രതിയാക്കിയും ആന്റണി രാജുവിനെ രണ്ടാം പ്രതിയാക്കിയും കുറ്റപത്രം സമര്‍പ്പിക്കുകയായിരുന്നു.
നീണ്ട പതിറ്റാണ്ടുകള്‍ക്കൊടുവില്‍ ആന്‍റണി രാജുവിനെതിരെ ഗൂഢാലോചനയും വ്യാജ തെളിവുണ്ടാക്കല്‍ കുറ്റവും തെളിഞ്ഞിരിക്കുകയാണ്. 14 വര്‍ഷത്തിലധികം ശിക്ഷ ലഭിക്കാവുന്ന വകുപ്പുകളാണെങ്കിലും രണ്ട് വര്‍ഷത്തിന് മുകളിലേക്കാണ് മേല്‍ക്കോടതി ശിക്ഷ വിധിക്കുന്നതെങ്കില്‍ എംഎല്‍എ സ്ഥാനം നഷ്ടമാകും. ആറുവര്‍ഷത്തേക്ക് തിരഞ്ഞെടുപ്പില്‍ മല്‍സരിക്കാനും കഴിയില്ല.