തൊണ്ടിമുതല്‍ തിരിമറിക്കേസില്‍ ശിക്ഷ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് മുന്‍മന്ത്രി ആന്‍റണി രാജു നല്‍കിയ അപ്പീല്‍ തിരുവനന്തപുരം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി നാളെ പരിഗണിക്കും. നെടുമങ്ങാട് ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയുടെ ശിക്ഷാ ഉത്തരവ് റദ്ദാക്കണമെന്നാണ് ആവശ്യം. വിവിധ വകുപ്പുകളിലായി മൂന്ന് വര്‍ഷത്തെ തടവ് ശിക്ഷ വിധിച്ചെങ്കിലും അപ്പീല്‍ നല്‍കാന്‍ നെടുമങ്ങാട് കോടതി ആന്‍റണി രാജുവിന് ജാമ്യം അനുവദിച്ചിരുന്നു.
അടിവസ്ത്രത്തില്‍ ലഹരി ഒളിപ്പിച്ച് കടത്തിയ പ്രതിയെ രക്ഷിക്കാന്‍ തൊണ്ടിമുതലായ അടിവസ്ത്രത്തില്‍ ആന്‍റണി രാജു ക്രിത്രിമം കാട്ടിയെന്നാണ് കോടതി കണ്ടെത്തിയത്. മൂന്ന് വര്‍ഷത്തെ ശിക്ഷാവിധിയെത്തുടര്‍ന്ന് ആന്‍റണി രാജുവിന്‍റെ എംഎല്‍എ പദവിയും നഷ്ടപ്പെട്ടിരുന്നു. കോടതി അപ്പീല്‍ അംഗീകരിച്ചില്ലെങ്കില്‍ ജാമ്യം അനുവദിച്ച സയമപരിധി കഴിഞ്ഞാല്‍ ആന്‍റണി രാജുവിന് ജയില്‍ശിക്ഷ അനുഭവിക്കേണ്ടിവരും.
ലഹരി കേസിലെ പ്രതിയെ രക്ഷിക്കാന്‍ അഭിഭാഷകനായിരിക്കെ ആന്‍റണി രാജു കോടതി കസ്റ്റഡിയില്‍ സൂക്ഷിച്ചിരുന്ന തൊണ്ടിമുതലില്‍ കൃത്രിമം കാണിച്ചെന്ന് കണ്ടെത്തിയിരുന്നു. 36 വര്‍ഷം മുന്‍പ് നടന്ന കുറ്റകൃത്യത്തില്‍ ആന്‍റണി രാജുവിനെയും കൂട്ടുപ്രതിയായ മുന്‍ കോടതി ഉദ്യോഗസ്ഥന്‍ കെ.എ.ജോസിനെയും നെടുമങ്ങാട് ഒന്നാം ക്ളാസ് മജിസ്ട്രേറ്റ് കോടതിയാണ് കുറ്റക്കാരെന്ന് വിധിച്ചത്.
ലഹരി മരുന്നുമായി തിരുവനന്തപുരം വിമാനത്താവളത്തിൽ പിടിയിലായ വിദേശിയെ കേസിൽ നിന്ന് രക്ഷപ്പെടുത്താൻ ആന്റണി രാജു തൊണ്ടി മുതലിൽ കൃത്രിമം നടത്തിയെന്നാണ് കേസ്. 1990–ല്‍ നടന്ന സംഭവത്തില്‍ ജോസ് ഒന്നാം പ്രതിയും, ആന്റണി രാജു രണ്ടാം പ്രതിയുമാണ്. തുടർന്ന് പ്രതി കേസിൽ നിന്ന് ഒഴിവാക്കപ്പെട്ടു. പിന്നാലെ മറ്റൊരു കേസിൽ ശിക്ഷിക്കപ്പെട്ട് ജയിലിലായ ഇയാൾ സഹതടവുകാരനോട് ഇക്കാര്യം തുറന്ന് പറയുകയായിരുന്നു. സഹതടവുകാരന്‍റെ വെളിപ്പെടുത്തലിനെ തുടർന്ന് 1994–ൽ പൊലീസ് കേസെടുത്തു. പതിമൂന്ന് വർഷം കഴിഞ്ഞാണ് കുറ്റപത്രം സമർപ്പിച്ചത്. ഒരു വർഷത്തിനകം വിചാരണ പൂർത്തിയാക്കണമെന്ന സുപ്രീം കോടതി ഉത്തരവിനെത്തുടർന്നായിരുന്നു നെടുമങ്ങാട് കോടതിയിലെ അന്തിമവാദം.