വിമാനങ്ങളിൽ അപകടത്തിൽപെട്ട് തീപിടിച്ചാൽ വിമാനത്തിനുള്ളിലേക്ക് തുളച്ചുകയറി തീ അണയ്ക്കാൻ കഴിയുന്ന ക്രാഷ് ഫയർ ടെൻഡർ വാഹനം തിരുവനന്തപുരം വിമാനത്താവളത്തിലെത്തി. ഹൈ റീച്ച് എക്സ്റ്റെൻഡബിൾ ടററ്റ് സജ്ജീകരിച്ച അത്യാധുനിക ക്രാഷ് ഫയർ ടെൻഡറാണ് തലസ്ഥാനത്തെത്തിയത്. സംസ്ഥാനത്ത് ആദ്യമായാണ് ഈ സംവിധാനം വരുന്നത്.
ഭീമൻ രൂപത്തിലുള്ള ഈ വാഹനമാണ് വിമാനങ്ങൾക്ക് തീപിടിക്കുമ്പോൾ അണയ്ക്കാനുള്ള ക്രാഷ് ഫയർ ടെൻഡർ. കേരളത്തിലെ ആദ്യ ഹൈ റീച്ച് എക്സ്റ്റെൻഡബിൾ ടററ്റ് (HRET) ക്രാഷ് ഫയർ ടെൻഡറാണ് തിരുവനന്തപുരം വിമാനത്താവളത്തിൽ എത്തിച്ചിരിക്കുന്നത്. തീപിടിത്തമുണ്ടാകുമ്പോൾ വിമാനത്തിനുള്ളിൽ കടന്നുകയറി തീ അണയ്ക്കാനും രക്ഷാപ്രവർത്തനം നടത്താനും ഏറെ ദുഷ്കരമാണ്.
അവിടെയാണ് ഈ പുതിയ വാഹനം വ്യത്യസ്തമാവുന്നത്. എച്ച്.ആർ.ഇ.ടി സംവിധാനമുള്ള ഈ ക്രാഷ് ഫയർ ടെൻഡറിന് വിമാനത്തിന്റെ പുറംഭാഗം തുളച്ച് യാത്രക്കാരുടെ കാബിനിലേക്ക് നേരിട്ട് വെള്ളം, ഫോം തുടങ്ങിയ അഗ്നിശമന വസ്തുക്കൾ എത്തിക്കാൻ കഴിയും. ഇതിലൂടെ തീ വേഗത്തിൽ നിയന്ത്രണവിധേയമാക്കാനാകും.
വാഹനത്തിൽ ഘടിപ്പിച്ചിരിക്കുന്ന അത്യാധുനിക തെർമൽ ഇമേജിംഗ് ക്യാമറ യാത്രക്കാരുടെ കാബിൻ, കാർഗോ വിഭാഗം തുടങ്ങിയ അടച്ചിട്ട ഭാഗങ്ങളിലെ തീയും ചൂടേറിയ ഭാഗങ്ങളും കണ്ടെത്താൻ സഹായിക്കും. പുറത്തുനിന്ന് കാണാനാകാത്ത തീപിടിത്തങ്ങൾ പോലും വേഗത്തിൽ കണ്ടെത്തി നിയന്ത്രിക്കാൻ ഇതിലൂടെ കഴിയും.
പൂർണമായി ഉയർത്തുമ്പോൾ എച്ച്.ആർ.ഇ.ടിക്ക് 16.5 മീറ്റർ ഉയരത്തിലെത്താം. ഇത് ഏകദേശം അഞ്ച് നില കെട്ടിടത്തിന്റെ ഉയരത്തിന് തുല്യമാണ്. ജെറ്റ്, സ്പ്രേ മോഡുകളിൽ 85 മീറ്റർ വരെ വെള്ളം ചീറ്റാനും ഇതിന് കഴിയും. 12 കോടിയിലധികം രൂപയാണ് ഈ വാഹനത്തിന്റെ വില.