ബ്രിട്ടിഷ് എഫ് 35 ബി വിമാനം അടിയന്തര ലാൻഡിങ് നടത്തിയത് മുതൽ തകരാറുകൾ പരിഹരിച്ചു മടങ്ങുന്നതുവരെ പൂർണ സഹായം നൽകിയ തിരുവനന്തപുരം ഇന്റർനാഷണൽ എയർപോർട്ടിന് നന്ദി പറഞ്ഞ് യുകെ സൈനികർ മടങ്ങി. യുകെ റോയൽ എയർഫോഴ്സ് ഫ്ലൈറ്റ് ലെഫ്റ്റനന്റ് തോം സോയർ നേരിട്ടെത്തി എയർപോർട്ട് അധികൃതരെ നന്ദി അറിയിച്ചു. റോയൽ എയർഫോഴ്സിന്റെ ഉപഹാരവും കൈമാറി.
എഫ് 35ന്റെ ഒരു ചിത്രമുള്‍പ്പെടെയാണ് യുകെ സൈനികര്‍ വിമാനത്താവളത്തിനു ഉപഹാരമായി നല്‍കിയത്. രാത്രി ഒമ്പതരയോടെ 17 അംഗ സംഘം റോയൽ എയർഫോഴ്സിന്റെ എ 400 വിമാനത്തിലാണ് സൈനികര്‍ മടങ്ങിയത്. സംഘാംഗങ്ങളെയും വിമാനം കെട്ടിവലിക്കാന്‍ എത്തിച്ച ഉപകരണങ്ങളും ഈ വിമാനത്തില്‍ തന്നെയാണ് കൊണ്ടുപോയത്. ഹൈഡ്രോളിക് സംവിധാനത്തിലെ തകരാര്‍ മൂലം 39 ദിവസം തിരുവനന്തപുരം വിമാനത്താവളത്തില്‍ കുടുങ്ങിക്കിടന്ന എഫ് 35 ബ്രിട്ടിഷ് യുദ്ധ വിമാനം ചൊവ്വാഴ്ചയാണ് മടങ്ങിയത്. ഓസ്‌ട്രേലിയയിലെ ഡാര്‍വിന്‍ രാജ്യാന്തര വിമാനത്താവളത്തിലേക്കാണു വിമാനം പറന്നത്.
കഴിഞ്ഞ മാസം 14നാണ് അറബിക്കടലില്‍ സഞ്ചരിച്ച ബ്രിട്ടിഷ് വിമാനവാഹിനിക്കപ്പലില്‍ നിന്നു പരിശീലനത്തിനായി പറന്നുയര്‍ന്ന വിമാനം ഇന്ധനം തീരാറായതോടെ തിരുവനന്തപുരത്ത് ഇറക്കിയത്. അടിയന്തര ലാന്‍ഡിങ്ങിനിടെ ഹൈഡ്രോളിക് സംവിധാനത്തിനു തകരാറുണ്ടാകുകയായിരുന്നു.
14 മുതല്‍ ഈ മാസം 6 വരെ വിമാനത്താവളത്തിലെ പാര്‍ക്കിങ് ഫീസായി 5 ലക്ഷം രൂപ ബ്രിട്ടിഷ് സേന വിമാനത്താവള നടത്തിപ്പുകാരായ അദാനി കമ്പനിക്ക് നല്‍കിയതായാണു വിവരം. അറ്റകുറ്റപ്പണിക്കായി 6 മുതല്‍ തിങ്കളാഴ്ച വരെ ഹാങ്ങര്‍ ഉപയോഗിച്ചതിനുള്ള വാടക എയര്‍ ഇന്ത്യയ്ക്കും നല്‍കും.