Image: Reuters

Image: Reuters

  • ബ്രിട്ടന് ആദ്യ മുസ്‌ലിം വനിതാ പ്രധാനമന്ത്രി?
  • കീറിന്റെ കസേര തെറിച്ചാല്‍ ഷബാനയ്ക്ക് സാധ്യത
  • പാക് വംശജരുടെ മകളാണ് ഷബാന മഹ്‌മൂദ്

 ലോകനേതാക്കളെ കുരുക്കിലാക്കുന്ന എപ്സ്റ്റീന്‍ ഫയല്‍സുമായി ബന്ധപ്പെട്ട് ബ്രിട്ടീഷ് പ്രധാനമന്ത്രി കീര്‍ സ്റ്റാര്‍മറുടെ പേര് കൂടി ഉയര്‍ന്നുവന്നതോടെ രാജിസമ്മര്‍ദം ഏറുകയാണ്. പ്രധാനമന്ത്രിപദം രാജിവക്കേണ്ടി വന്നാല്‍ അടുത്ത പ്രധാനമന്ത്രി ആരാകുമെന്ന അഭ്യൂഹങ്ങളാണ് ഉയര്‍ന്നു കേള്‍ക്കുന്നത്. കേള്‍ക്കുന്ന പ്രമുഖ പേരുകളിൽ ഒരാളാണ് ആഭ്യന്തരകാര്യ സെക്രട്ടറി ഷബാന മഹ്മൂദ്. 2010 മുതൽ ബർമിങാം ലേഡിവുഡിനെ പ്രതിനിധീകരിക്കുന്ന എംപിയാണ് ഷബാന.

ലേബർ പാർട്ടിയിലെ ഏറ്റവും രാഷ്ട്രീയബുദ്ധിയുള്ള നേതാവെന്നാണ് സുഹൃത്തുക്കളും സഹപ്രവര്‍ത്തകരും പറയുന്നത്. ലേബര്‍ പാര്‍ട്ടിയുടെ ആദ്യ മുസ്ലിം വനിതാ എംപിമാരിലൊരാളായ ഷബാനയുടെ പിന്നീടുള്ള ഉയര്‍ച്ചകളും അതിവേഗത്തിലായിരുന്നു. രാഷ്ട്രീയജീവിതത്തിന്റെ തുടക്കത്തിൽ തന്നെ ഷാഡോ കാബിനറ്റിൽ ഇടംനേടി. ഷാഡോ ജസ്റ്റിസ് സെക്രട്ടറിയും ഷാഡോ എജ്യുക്കേഷൻ സെക്രട്ടറിയും ഉൾപ്പെടെ നിരവധി പദവികള്‍ വഹിച്ചു.

സ്ഥിരതയുള്ള നേതാവെന്ന രീതിയിലുമാണ് ഷബാനയെ വിലയിരുത്തപ്പെടുന്നത്. 2024ല്‍ ലേബർ പാർട്ടി അധികാരത്തിലെത്തിയതോടെ ഷബാനയെ ആഭ്യന്തരകാര്യ സെക്രട്ടറിയായി നിയമിച്ചു. പോലീസ്, ദേശീയ സുരക്ഷ, കുടിയേറ്റം, പൊതുസുരക്ഷ എന്നിങ്ങനെ സുപ്രധാന വകുപ്പുകള്‍ കൈകാര്യം ചെയ്തു.

പാക്ക് കുടിയേറ്റക്കാരായ മാതാപിതാക്കളുടെ മകളായ ഷബാന കുടിയേറ്റ വിഷയങ്ങളിലും കടുത്ത നിലപാടുകള്‍ സ്വീകരിച്ചു. ലൈംഗികകുറ്റവാളി ജെഫ്രി എപ്സ്റ്റീന്‍റെ അടുത്ത സുഹൃത്തായ പീറ്റര്‍ മന്‍ഡല്‍സണിനെ അമേരിക്കൻ അംബാസിഡറായി നിയമിച്ചതും പിന്നാലെ നീക്കിയതുമാണ് വിവാദത്തിനു കാരണമായത്. ഈ നിയമനത്തിന് ശുപാർശ ചെയ്തതിന്‍റെ പേരിലാണ് മന്ത്രിസഭയിലെ ചീഫ് ഓഫ് സ്റ്റാഫ് മോർഗൻ മക്സ്വീനി രാജിവച്ചൊഴിഞ്ഞത്.

എന്നാല്‍ ഈ സാഹചര്യത്തിൽ, നിയമന ഉത്തരവ് നൽകിയ പ്രധാനമന്ത്രിയും ധാർമികതയുടെ പേരിൽ രാജിവയ്ക്കമെന്നാണ് പ്രതിപക്ഷത്തിന്റെ നിലപാട്. പാര്‍ട്ടിക്കുള്ളിലും അമര്‍ഷം പുകയുന്നതിനിടെ കീറിന്റെ സഹപ്രവര്‍ത്തകരുടെ രാജി കൂടിയായതോടെ കാര്യങ്ങള്‍ കൂടുതല്‍ വഷളായി. ഈ സാഹചര്യത്തിലാണ് കീറിന്റെ പിന്‍ഗാമിയായി ഷബാന മഹ്മൂദ് വരുമോയെന്ന ചര്‍ച്ചകള്‍ക്ക് ചൂടേറുന്നത്.

 

 

ENGLISH SUMMARY:

Shabana Mahmood is emerging as a potential successor to Keir Starmer amidst the Epstein files scandal and mounting pressure for his resignation. As the current Home Secretary, Mahmood's political acumen and rapid rise within the Labour Party position her as a strong contender for the top leadership role.