Image: Instagram, premierhealthohio
ഒരു ആശുപത്രിയിലെ 17 നഴ്സുമാര്‍ ഒരേ സമയം ഗര്‍ഭിണികളായ കൗതുകമുണര്‍ത്തുന്ന വാര്‍ത്തയാണ് യുഎസിലെ ഓഹായോയില്‍ നിന്നും വരുന്നത്. ഡേടണിലെ മിയാമി വാലി ആശുപത്രിയിലാണ് സംഭവം. ഈ പ്രത്യേക സാഹചര്യം ആഘോഷിക്കാനായി 17പേരും ഒത്തുകൂടിയ ചിത്രങ്ങള്‍ പുറത്തുവന്നു. ആഘോഷ പരിപാടികളില്‍ നിന്നുള്ള വിഡിയോകളും ചിത്രങ്ങളും സമൂഹമാധ്യമങ്ങളില്‍ വൈറലാവുകയാണ്.
2019ല്‍ സമാനമായൊരു റെക്കോര്‍ഡ് ഈ ആശുപത്രിക്കുണ്ട്, അന്ന് 11 നഴ്സുമാര്‍ ഒരേസമയം ഗര്‍ഭിണികളായിരുന്നു. ഈ റെക്കോര്‍ഡാണ് 2026ല്‍ മാറ്റിക്കുറിക്കപ്പെട്ടത്. 12 ആഴ്ച മുതല്‍ 35ആഴ്ച വരെ ഗര്‍ഭിണികളായവരാണ് 17 പേരും. ഇവരില്‍ ചിലര്‍ തങ്ങളുടെ ആദ്യകണ്‍മണിയേയും ചിലര്‍ രണ്ടാമത്തെ കുട്ടിയേയും പ്രതീക്ഷിക്കുകയാണെന്ന് എബിസി ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നു. തങ്ങളുടെ കുഞ്ഞുങ്ങള്‍ ഒന്നിച്ചുവളരുന്ന സാഹചര്യം സ്വപ്നം കണ്ട് കഴിയുകയാണ് 17 അമ്മമാരും.
തീര്‍ത്തും അദ്ഭുതപ്പെടുത്തുന്ന വാര്‍ത്തയാണിതെന്ന് ആശുപത്രിയിലെ നഴ്്സ് മാനേജര്‍ അംബേര്‍ലി സാനര്‍ പറയുന്നു. തങ്ങളുടെ ആശുപത്രിയില്‍ ആവശ്യത്തിലധികം നഴ്സിങ് സ്റ്റാഫും സപ്പോര്ട്ടിങ് ജീവനക്കാരുമുള്ളതുകൊണ്ട് ജോലി സുഗമമായി പോകുമെന്ന കാര്യത്തില്‍ ഒട്ടും ആശങ്കയില്ലെന്ന് മാനേജര്‍ പറയുന്നു. 200ഓളം നഴ്സുമാരും സപ്പോര്‍ട്ടിങ് നഴ്സുമാരും ആശുപത്രിയിലുണ്ട്. തീര്‍ത്തും അപ്രതീക്ഷിതമായാണ് ഈ ഒന്നിച്ചുള്ള ഗര്‍ഭമെന്നും നഴ്സുമാര്‍ തമ്മിലുള്ള സൗഹൃദം അത്രമാത്രമാണെന്നും ഇവര്‍ പറയുന്നു.