തിരുവനന്തപുരം പട്ടത്ത് ഫര്‍ണിച്ചര്‍ കടയുടെ ഗോഡൗണില്‍ തീപിടിത്തം. ഗോഡൗണ്‍ ആരോ കത്തിച്ചതാണെന്ന് കടയുടമ ജോയ് എബ്രഹാം. മുന്‍പ് മൂന്നുതവണ തീപിടിത്തമുണ്ടായതില്‍ അന്വേഷണം ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് ജോയ് പരാതി നല്‍കി.
രാവിലെ പത്തരയോടെയാണ് പട്ടത്തെ ജോയ് ഫര്‍ണിഷിങ് എന്ന മെത്തക്കടയുടെ ഗോഡൗണില്‍ തീപിടുത്തമുണ്ടായത്. അഗ്നിശമന സേനയുടെ ആറ് യൂണിറ്റുകള്‍ രണ്ടു മണിക്കൂര്‍ നീണ്ട പരിശ്രമത്തിനൊടുവില്‍ തീ നിയന്ത്രണ വിധേയമാക്കി. ഗോഡൗണില്‍ സാധനങ്ങള്‍ കൂട്ടിയിട്ടിരിക്കുകയായിരുന്നുവെന്ന് അയല്‍വാസി പറഞ്ഞു.
അതേസമയം, ഗുരുതര ആരോപണവുമായി കടയുടമ രംഗത്തെത്തി. നാലാം തവണയാണ് ഗോഡൗണില്‍ തീപിടുത്തമുണ്ടാകുന്നതെന്ന് ഉടമ ജോയ് എബ്രഹാം. നഗരത്തിന്‍റെ ഹൃദയഭാഗത്ത് വൈദ്യുതി കണക്ഷന്‍ പോലുമില്ലാത്ത ഗോഡൗണിന് എങ്ങനെയാണ് കോര്‍പറേഷന്‍ പ്രവര്‍ത്തനാനുമതി നല്‍കിയതെന്ന് സി.പി.എം നേതാവ് എസ്.പി.ദീപക് ചോദിച്ചു. അധികാരികള്‍ കണ്ണടച്ചും അധികാരികളുടെ കണ്ണുവെട്ടിച്ചും ഇതുപോലെ ഒരുപാട് സ്ഥാപനങ്ങള്‍ നഗരത്തിലുണ്ട്. എന്തെങ്കിലും ഒരു അത്യാഹിതം ഉണ്ടാകുമ്പോഴാണ് പലതും പുറത്തുവരുന്നതെന്നും ദീപക് ആരോപിച്ചു.