ഓണത്തിന് പച്ചക്കറി കര്‍ഷകര്‍ക്ക് സര്‍ക്കാരിന്‍റെ കൈത്താങ്ങില്ലെന്നു പരാതി. പ്രതിഷേധവുമായി തിരുവനന്തപുരം ചെങ്കലിലെ കര്‍ഷക കൂട്ടായ്മ. കഴിഞ്ഞ വര്‍ഷത്തെ ഓണം കൃഷിയുടെ സബ്സിഡി വിഹിതവും നല്‍കിയില്ലെന്ന് കര്‍ഷകര്‍ ആരോപിക്കുന്നു.
പൊന്നോണക്കാലത്ത് തിരുവനന്തപുരം ജില്ലയെ ജൈവ പച്ചക്കറികള്‍കൊണ്ട് നിറക്കുന്ന ചെങ്കല്‍ കീഴ്കൊല്ല ഏലായിലെ കർഷകരാണ് പ്രതിഷേധവുമായി എത്തുന്നത്. ഓണത്തിന് ദിവസങ്ങൾ മാത്രമാണ് ഇനിയുള്ളത്. ഓണത്തിന് സാധാരണ നല്‍കുന്ന ഒരു കൈത്താങ്ങും സര്‍ക്കാരിന്‍റെ ഭാഗത്തു നിന്നും ഇതുവരെ ലഭിച്ചിട്ടില്ലെന്ന് ഇവര്‍ പറയുന്നു.
കഴിഞ്ഞ ഓണത്തിന് ക്ലസ്റ്റർ ഒന്നിന് നല്‍കേണ്ട ഒന്നര ലക്ഷത്തോളം രൂപയുടെ സബ്സിഡിക്കായും കൈ നീട്ടുകയാണ് കര്‍ഷകര്‍. 100 ലധികം കര്‍ഷകരുളള ചെങ്കലില്‍ 2021- മുതലുളള കൃഷിനാശ സഹായവും നല്‍കിയിട്ടില്ല. വാഴ ഒന്നിന്ന് 100 രൂപ നിരക്കില്‍ പതിനായിരക്കണക്കിന് വാഴകള്‍ക്കും ഹെക്ടര്‍കണക്കിന് പച്ചകൃഷി കൃഷിക്കുമാണ് നഷ്ടപരിഹാരം നല്‍കാതെ സര്‍ക്കാര്‍ ഒളിച്ച് കളിക്കുന്നത്.
2023 മുതലുളള വിള ഇന്‍ഷ്വറന്‍സും മുടങ്ങി കിടക്കുകയാണ്. കൃഷിവകുപ്പ് ഉദ്യോഗസ്ഥരെ സമീപിക്കുമ്പോൾ 'സർക്കാർ അല്ലേ നൽകേണ്ടത്?' എന്ന് പറഞ്ഞ് കൈമലർത്തുകയാണെന്ന് കര്‍ഷകര്‍ ആരോപിക്കുന്നു. എന്നാല്‍, കൃഷി വകുപ്പില്‍ നിന്ന് നഷ്ടപരിഹാരത്തിനുള്‍പ്പെടെയുളള നടപടികള്‍ പൂര്‍ത്തീകരിച്ച് കൈമാറിയതായി ഉദ്യോഗസ്ഥര്‍ അറിയിക്കുന്നു. ഓണ മുന്നൊരുക്കങ്ങളുടെ നിര്‍ദേശങ്ങള്‍ ലഭിച്ചിട്ടില്ലെന്നാണ് ഉദ്യോഗസ്ഥരുടെ മറുപടി.