അപകടത്തില്‍വലതുകാലിന്റെ സ്വാധീനം നഷ്ടമായെങ്കിലും രണ്ട് ഏക്കർ കൃഷിയിടത്തിൽ പൊന്നുവിളയിച്ച് നാരങ്ങാനം സ്വദേശി ഹമീദ്കുട്ടി. 19 വര്‍ഷം മുന്‍പ് അപകടത്തിലാണ് കാലിന്‍റെ സ്വാധീനം നഷ്ടമായത്. ചെറുപ്പത്തിലേ കൃഷിയിലുള്ള പരിചയമാണ് തുണയായത്.
അപകടത്തില്‍പ്പെട്ട് അൻപത് ദിവസം ചലനമില്ലാതെ ആശുപത്രിയിൽ കിടന്നു. വലതുകാലിന് ഇപ്പോഴും പൂർണ സ്വാധീനമില്ല. നാരങ്ങാനം സ്വദേശി സി.എച്ച്. ഹമീദ്കുട്ടിക്ക് 70 വയസ് കഴിഞ്ഞു. ഇപ്പോഴും വിശ്രമം ഇല്ലാതെ രണ്ടേക്കറില്‍ കൃഷിയിറക്കുന്നു. ചീനിയും ചേനയും കാച്ചിലും ചേമ്പും വാഴയുമെല്ലാം നിറയെ വിളയുന്ന പറമ്പാണ്.
19വർഷം മുൻപ് മസ്കറ്റിൽ അക്കൗണ്ടന്‍റായി ജോലി ചെയ്യവേയാണ് ഹമീദിന് അപകടമുണ്ടായി. ഗുരുതര പരുക്കായിരുന്നു. വിമാനത്തില്‍ കിടത്തിയാണ് നാട്ടിലെത്തിയത്ത്. മാസങ്ങൾ നീണ്ട ഫിസിയോ തെറാപ്പിയിലൂടെ ഇടത് കാലിന്‍റെ ചലനശേഷി കുറച്ചു വീണ്ടെടുത്തുവെങ്കിലും വലതുകാലിന്‍റെ സ്വാധീനം നഷ്ടമായി. മുറിക്കുള്ളില്‍ ഒതുങ്ങാതെ ചെറുപ്പത്തില്‍ ചിറ്റാറിലെ കുടുംബവീട്ടിൽ കൃഷി ചെയ്ത പരിചയത്തിൽ മണ്ണിലേക്ക് ഇറങ്ങുകയായിരുന്നു.
വലിയ പണികൾ ഉള്ളപ്പോൾ ഒരു സഹായിയെ വിളിക്കും. അല്ലാത്തപ്പോൾ ഹമീദ് തന്നെയാണ് പറമ്പിലെ കാട് തെളിക്കലും വളമിടലും തടം എടുക്കലും എല്ലാം. സ്വാധീനം കുറവുള്ള വലത് കാലിൽ കാലിപ്പർകെട്ടിയാണ് ജോലി ചെയ്യുന്നത്. സാധനങ്ങള്‍ മുച്ചക്ര സ്കൂട്ടറില്‍ വിപണിയില്‍ എത്തിച്ച് വില്‍ക്കുന്നതും ഹമീദ് തന്നെയാണ്. ഇടയ്ക്ക് കൃഷിയിടത്തില്‍ വീണ് നട്ടെല്ലിന് പരുക്കേറ്റിരുന്നു. പരുക്ക് ഭേദമായതോടെ വീണ്ടും കൃഷിയിടത്തിലേക്ക് ഇറങ്ങി. ദിവസം ആറ് മണിക്കൂറോളം കൃഷിയിടത്തില്‍ ജോലി ചെയ്യും. എല്ലാത്തിനും പിന്തുണയുമായി കുടുംബവും ബന്ധുക്കളും കൂടെയുണ്ട്.