വെള്ളമില്ലാത്തതിന്റെ പേരിൽ ആദിവാസികൾക്കായുള്ള റസിഡൻഷ്യൽ സ്കൂളിലെ കുട്ടികളെ അധ്യയന ദിവസങ്ങൾ തീരും മുമ്പ് വീട്ടിലേയ്ക്കയച്ച് അധികൃതർ. സാക്ഷര കേരളത്തെ നാണിപ്പിക്കുന്ന സംഭവം തിരുവനന്തപുരം ഞാറനീലി ഡോ. അംബേദ്കർ വിദ്യാനികേതൻ മോഡൽ റസിഡൻഷ്യൽ സ്കൂളിൽ. ആദിവാസികൾക്കായി കോടികളുടെ ഫണ്ടുള്ള പട്ടിക വർഗ വകുപ്പിന്റെ കീഴിലുളള സ്കൂളിൽ തുടർച്ചയായ നാലാം വർഷമാണ് ഈ ദുരവസ്ഥ.
മൂന്നാം ക്ലാസുകാരൻ ആദിദേവിന് മുയൽ കുഞ്ഞുങ്ങളെ കളിപ്പിച്ച് നടക്കലാണ് ഇപ്പോൾ പണി . സ്വന്തമായൊരു വണ്ടിയുണ്ടാക്കിയതോടെ അതോടിക്കണം. പിന്നെ ആദിവാസി കുടിയിലാകെ കറങ്ങി നടക്കും. നാട്ടിലെ കുട്ടികളെല്ലാം സ്കൂളിൽ പോകുമ്പോൾ ആദിദേവിങ്ങനെ കളിച്ച് നടക്കുന്നതിൻ്റെ കാരണം അമ്മ പറയും .
ആദിദേവിൻ്റെ അയൽപക്കത്തുള്ള വീടുകളിലൊക്കെ ഇതു തന്നെ സ്ഥിതി. ആദിവാസിക്കുട്ടികളുടെ സമഗ്ര ഉന്നമനം ലക്ഷ്യമിട്ട് സ്ഥാപിച്ച റസിഡൻഷ്യൽ സ്കൂളിൽ 1 മുതൽ 4 വരെ പഠിക്കുന്ന കുട്ടികളെയാണ് 15 ന് വീട്ടിൽ വിട്ടത്. വെള്ളമില്ലെന്നും കുട്ടികളെ കൂട്ടി കൊണ്ടു പോകണമെന്നും സ്കൂൾ വാട്സാപ്പ് ഗ്രൂപ്പിൽ അധികൃതർ സന്ദേശം ഇടുകയായിരുന്നു. വെളളമെടുക്കുന്ന കുളം വറ്റിയതോടെ നഷ്ടമാകുന്നത് 30 വിലപ്പെട്ട അധ്യയന ദിനങ്ങള്‍. മുതിര്‍ന്ന ക്ളാസുകളിലെ കുട്ടികളുടേയും പഠിത്തം ഉടന്‍ അവസാനിപ്പിക്കും.