പുതിയ ജെന്‍ ആല്‍ഫ പിള്ളേര്‍ വേറെ ലെവലാണ്. കാട്ടാക്കട പഞ്ചായത്ത് ഓഫീസില്‍ പ്രസിഡന്‍റിനെ കാണാന്‍ ഇന്നലെ എത്തിയത് അഞ്ചിലും ആറിലും പഠിക്കുന്ന നാല് സ്കൂള്‍ കുട്ടികള്‍. പരാതി എന്താണെന്നല്ലേ. സ്കൂളിലേക്ക് പോകുന്ന വഴിയിലുള്ള വളര്‍ത്തുനായ്ക്കളുടെ ശല്യം.
എഴുത്തും കുത്തുമൊന്നുമില്ല. കാട്ടാക്കട പഞ്ചായത്ത് പ്രസിഡന്റ് വി.ജെ.സുനിതയോട് മാമി എന്ന് നീട്ടി ഒരൊട്ടോ വിളിച്ച്, അര്‍ഷിത്തും കാശിനാഥും കൈലാസും ദേവനന്ദയും പരാതിയുടെ ഭാണ്ഡക്കെട്ട് അഴിച്ചു. കാട്ടാക്കട പി.ആര്‍.വില്യം സ്കൂളില്‍ പഠിക്കുന്ന നാല് കുട്ടികളും ക്ലാസ് കഴിഞ്ഞാണ് നേരെ പഞ്ചായത്ത് ഓഫീസിലെത്തിയത്.
സ്കൂളിലേക്ക് പോകുന്ന വഴിയില്‍ താമസിക്കുന്ന ഗോപിയെന്ന ആളുടെ വീട്ടിലെ നാല് വളര്‍ത്തുനായ്ക്കള്‍ അതുവഴി പോയാല്‍ ഓടിക്കും. ബാഗ് വലിച്ചെറിഞ്ഞൊക്കെയാണ് പലപ്പോഴും രക്ഷപ്പെടുന്നത്. എങ്ങനെയെങ്കിലും പ്രശ്നം പറഞ്ഞ് സെറ്റാക്കണം. പരാതിയുമായി എത്തിയത് കുട്ടികള്‍ ആണെങ്കിലും പരാതി കുട്ടികളിയല്ലെന്ന് മനസിലായതോടെ പ്രസിഡന്‍റ് ഉടന്‍ ഇടപെട്ടു. കുട്ടികള്‍ക്കൊപ്പം സെക്രട്ടറിയെയും വാര്‍ഡ് മെമ്പറെയും ഉടന്‍ സംഭവസ്ഥലത്തേക്ക് പറഞ്ഞയച്ചു. നായ്ക്കളെ ഇനി തുറന്നുവിടില്ലെന്ന ഉടമസ്ഥന്റെ ഉറപ്പ് വാങ്ങിയ ഉദ്യോഗസ്ഥര്‍, കുട്ടികളെ പഞ്ചായത്ത് വാഹനത്തില്‍ തന്നെ വീടുകളിലെത്തിച്ചു.