അഗസ്ത്യാർകൂട മലനിരയുടെ നെറുകയിൽ ജൈവവൈവിധ്യത്തിനപ്പുറം ബുദ്ധമതത്തിന്റെ പുരാതന വേരുകളും തേടി സന്യാസിവര്യന്മാരുടെ സംഘം. ബുദ്ധമത പാരമ്പര്യത്തിൽ 'പൊട്ടല' അഥവാ 'പൊതിയിൽ മല' എന്നറിയപ്പെടുന്ന അഗസ്ത്യാർകൂടം അവലോകിതേശ്വരന്റെ വാസസ്ഥലമായാണ് ഈ സന്യാസിമാർ കണക്കാക്കുന്നത്. ഝാഡോ റിൻപോച്ചെയുടെ നേതൃത്വത്തിൽ കർണാടക ബൈലക്കുപ്പയിലെ മഠത്തിൽ നിന്നുള്ള ഏഴ് ബുദ്ധ സന്യാസിമാരും രണ്ട് സന്യാസിനികളും ഉൾപ്പെടെയുള്ള സംഘമാണ് ചരിത്രപരമായ ഈ ബന്ധം തേടി എത്തിയത്.
സഹ്യസാനുവിന്റെ മടിത്തട്ടിൽ ബുദ്ധമത സാന്നിധ്യമുണ്ടായിരുന്നെന്ന ചരിത്രരേഖകളുടെ പിൻബലത്തിലാണ് ഈ യാത്ര. ചിലപ്പതികാരം, മണിമേഖല തുടങ്ങിയ ഗ്രന്ഥങ്ങളിലും ഇതിനെക്കുറിച്ചുള്ള പരാമർശങ്ങളുണ്ട്. ടിബറ്റൻ മലനിരകളോട് സാമ്യമുള്ള അഗസ്ത്യാർകൂടത്തിന്റെ പൗരാണികതയും ഔഷധസമൃദ്ധിയും സംഘത്തെ ഏറെ ആകർഷിച്ചു.
പ്രതികൂല കാലാവസ്ഥ കാരണം മലമുകളിലേക്ക് പ്രവേശിക്കാൻ സാധിച്ചില്ലെങ്കിലും, അമ്പൂരിയിലെ സ്വകാര്യ റിസോർട്ടിലിരുന്ന് മലയെ നോക്കി പ്രാർഥനകൾ പൂർത്തിയാക്കിയാണ് സംഘം മടങ്ങുന്നത്. വെള്ളിയാഴ്ച തിരുവനന്തപുരത്തുനിന്ന് ശ്രീലങ്കയിലേക്ക് തിരിക്കുന്ന സംഘം, അഗസ്ത്യാർകൂടത്തിന്റെ നെറുക തേടി വീണ്ടും വരുമെന്ന പ്രതീക്ഷയോടെയാണ് മടങ്ങുന്നത്.