നെട്ടുകാൽത്തേരി ചരിത്രം കുറിക്കുകയാണ്. ബ്രഹ്മോസിന്റെ മിസൈൽ നിർമാണ കേന്ദ്രത്തിന് സ്ഥലം കൈമാറാൻ സുപ്രീംകോടതി അനുമതി നൽകിയതോടെ പറഞ്ഞറിയിക്കാനാവാത്ത സന്തോഷത്തിലാണ് നാട്ടുകാർ. അഗസ്ത്യമല നിരകളിൽ നെയ്യാർഡാമിനോട് ചേർന്നാണ് നെട്ടുകാൽത്തേരി തുറന്ന ജയിൽ.
തലസ്ഥാനത്ത് നിന്ന് 33 കിലോമീറ്ററേയുള്ളുവെങ്കിലും വേറെ വൈബാണ് ഇവിടെ. 474 ഏക്കറിലായാണ് തുറന്ന ജയിൽ പരന്നകിടക്കുന്നത്. അതിൽ 180 ഏക്കർ ബ്രഹ്മോസിന്റെ മിസൈൽ നിർമ്മാണ കേന്ദ്രത്തിന് നൽകാനാണ് പരമോന്നത കോടതിയുടെ അനുമതി. 32 ഏക്കർ വീതം ഫോറൻസിക് സയൻസ് യൂണിവേഴ്സിറ്റിക്കും കേന്ദ്രസേനയായ ശസ്ത്ര സീമാ ബെല്ലിന്റെ ബറ്റാലിയൻ ആസ്ഥാനത്തിനും കൈമാറും.
സംസ്ഥാന സർക്കാരാണ് ഭൂമി കൈമാറാൻ താൽപര്യം പ്രകടിപ്പിച്ച് കോടതിയുടെ അനുമതി തേടിയെന്നതും ശ്രദ്ധേയം. തീരുമാനം അറിഞ്ഞ് നാട്ടുകാർ സന്തോഷത്തിലാണ്.